ഐഎസ്ഐ നേതൃത്വം ബംഗ്ലാദേശിൽ; അതിർത്തിയിൽ ജാഗ്രതയ്ക്ക് കേന്ദ്ര ‌നിർദേശം

ബംഗ്ലാദേശ്- പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണു കേന്ദ്രം.
isi leadership in bangladesh; centre issues alert at border
ഐഎസ്ഐ നേതൃത്വം ബംഗ്ലാദേശിൽ; അതിർത്തിയിൽ ജാഗ്രതയ്ക്ക് കേന്ദ്ര ‌നിർദേശം
Updated on

ന്യൂഡൽഹി: പാക് ചാര സംഘടന ഐഎസ്ഐയുടെ ഉന്നത കമാൻഡർമാർ നടത്തിയ ബംഗ്ലാദേശ് സന്ദർശനം ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സർക്കാർ. ഡയറക്‌റ്റർ ജനറൽ ഒഫ് അനാലിസിസിന്‍റെ മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറിന്‍റെ നേതൃത്വത്തിലാണ് ഐഎസ്ഐ കമാൻഡർമാർ ധാക്കയിലെത്തിയത്.

ഇതേത്തുടർന്ന് ബംഗ്ലാദേശിന്‍റെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ സൈനികർക്കു കേന്ദ്ര സർക്കാർ നിർദേശം നൽകി. ബംഗ്ലാദേശ്- പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണു കേന്ദ്രം. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചു വരികയാണെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഭരണകൂടത്തിന്‍റെ നിയന്ത്രണം മതമൗലികവാദികളുടെ കൈയിലകപ്പെട്ടത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുതരണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെടുന്നതിനിടെയാണ് ഐഎസ്ഐ നേതൃത്വത്തിന്‍റെ ധാക്ക സന്ദർശനം. നേരത്തെ ബംഗ്ലാദേശ് സൈനിക ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു.

അടുത്തിടെ ബംഗ്ലാദേശ് അതിർത്തിയിലെ വേലി നിർമാണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. മനുഷ്യക്കടത്ത്, കന്നുകാലി കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളെ ചെറുക്കാനാണ് അതിർത്തിയിൽ വേലി കെട്ടിയതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

അതേസമയം, ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരേ ആക്രമണം തുടരുകയാണ്. ഖുൽന നഗരത്തിലെ ടെണ്ടുൽത്തലയിൽ കഴിഞ്ഞ ദിവസം ഹിന്ദു വിദ്യാർഥിയെ ഒരു സംഘം വെടിവച്ചുകൊലപ്പെടുത്തി.

ഖുൽന സർവകലാശാലയിൽ മാസ്റ്റേഴ്‌സ് വിദ്യാർഥിയായിരുന്ന അർണബ് കുമാർ ( 26 ) ആണ് കൊല്ലപ്പെട്ടത്. ഒരു ചായക്കടയ്‌ക്ക് സമീപം ബൈക്ക് നിർത്തിയശേഷം ചായകുടിക്കുമ്പോൾ ഒരു സംഘമെത്തി ആക്രമിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com