
ന്യൂഡൽഹി: ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ കൺട്രോൾ റൂം തുറന്നു. ടെൽ അവീവിലും രമല്ലയിലും എമർജൻസി ഹെൽപ്പ്‌ലൈനുകളും സ്ഥാപിച്ചു. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യക്കാർക്ക് 24 മണിക്കൂറും ഇവിടങ്ങളിൽ സേവനം ലഭിക്കും. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ബന്ധപ്പെടണമെന്ന് എംബസി നേരത്തേ അറിയിച്ചിരുന്നു.
ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കിയിരുന്നു. "ദയവ് ചെയ്ത് ശാന്തരും ജാഗരൂകരുമായി തുടരുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കായി 24 മണിക്കൂറും സജീവമായ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിലൂടെ പ്രവര്‍ത്തിച്ചു വരികയാണ് ', അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
20,000 ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. ഇവരിൽ ആർക്കും ഹമാസ് ആക്രമണം നേരിടേണ്ടി വന്നതായി അറിവില്ലെന്നു മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ കോബ്ബി ശോഷനി പറഞ്ഞു. 14 വരെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. ഇതു പുനരാരംഭിക്കുന്നതു സംബന്ധിച്ച് ചർച്ചകൾ തുടരുന്നു.
* ഡൽഹി കൺട്രോൾ റൂം
1800118797 (ടോൾ ഫ്രീ),
+91-11 23012113,
+91-11-23014104,
+91-11-23017905
+919968291988.
situationroom@mea.gov.in.
* എമർജൻസി ഹെൽപ്പ്‌ലൈൻ
ടെൽ അവീവ്:
+97235226748,
+972-543278392.
cons1.telaviv@mea.gov.in.
രമല്ല:
+970-592916418
(വാട്ട്സാപ്പിലും ലഭ്യം).
rep.ramallah@mea.gov.in