പ്രോബ 3 ഭ്രമണപഥത്തിൽ; ഇസ്രൊയ്ക്ക് സൂര്യശോഭ

ദൗത്യം കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം നടത്തും
isro proba-3 successfully launched
പ്രോബ 3 ഭ്രമണപഥത്തിൽ; ഇസ്രൊയ്ക്ക് സൂര്യശോഭ
Updated on

ശ്രീഹരിക്കോട്ട: വിക്ഷേപണത്തിലും ഉപഗ്രഹ വിന്യാസത്തിലും സാങ്കേതിക മികവിന്‍റെ തെളിവായി ഇസ്രൊയുടെ പിഎസ്എൽവി സി59/ പ്രോബ 3 ദൗത്യം ഭ്രമണപഥത്തിൽ. സൂര്യന്‍റെ പുറംപാളി കൊറോണയെക്കുറിച്ചു പഠിക്കാൻ യൂറോപ്യൻ സ്പെയ്സ് ഏജൻസി രൂപംകൊടുത്ത രണ്ട് ഉപഗ്രഹങ്ങളാണ് ഇസ്രൊയുടെ വിശ്വസ്ത റോക്കറ്റ് പിഎസ്എൽവി ഇന്നലെ ഭ്രമണപഥത്തിൽ സ്ഥാപിച്ചത്. ഇതോടെ ബഹിരാകാശ പര്യവേക്ഷണത്തിലെ അന്താരാഷ്‌ട്ര സഹകരണത്തിൽ ഇതോടെ ഇസ്രൊ പുതിയൊരു നാഴികക്കല്ലുകൂടി സ്ഥാപിച്ചു.

വ്യാഴാഴ്ച വൈകിട്ട് 4.04നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്നു കുതിച്ചുയർന്ന പിഎസ്എൽവി 18 മിനിറ്റിനുശേഷം ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിൽ സ്ഥാപിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓസ്ട്രേലിയയിലെ കേന്ദ്രത്തിൽ ഉപഗ്രഹത്തിൽ നിന്നുള്ള സന്ദേശമെത്തി. ഇനിയുള്ള പ്രധാന സന്ദേശവിനിമയം ബെൽജിയത്തിലെ കേന്ദ്രവുമായായിരിക്കുമെന്നും ഇസ്രൊയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും യൂറോപ്യൻ സ്പെയ്സ് ഏജൻസി. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യം ആദിത്യ എൽ1 കഴിഞ്ഞ ദിവസം കൊറോണയെക്കുറിച്ചു സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു.

കൊറോണയുടെ ചുരുളഴിക്കും

ഓക്യുൽറ്റർ, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങൾ ഉൾപ്പെടുന്നതാണ് പ്രോബ 3 ദൗത്യം. രണ്ട് ഉപഗ്രഹങ്ങൾക്കും കൂടി ഭാരം 550 കിലോഗ്രാം. സൂര്യഗ്രഹണ സമയമാണു കൊറോണയെക്കുറിച്ചു പഠിക്കാൻ ഏറ്റവും ഉചിതമെന്നതിനാൽ ഒരു പേടകത്തിനു മുന്നിൽ മറ്റൊന്നു സ്ഥാപിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നതാണു ദൗത്യം. വലിയ ഉപഗ്രഹമായ ഒക്യുൽറ്റർ കൊറോണ ഗ്രാഫിൽ നിന്നു 150 മീറ്റർ മുന്നിലായി സ്ഥാനംപിടിക്കും. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന നിഴലിലൂടെ കൊറോണഗ്രാഫിന് സൂര്യന്‍റെ കൊറോണയുടെ കൂടുതൽ വ്യക്തതയുള്ള ദൃശ്യം ലഭിക്കുമെന്ന് യൂറോപ്യൻ സ്പെയ്സ് ഏജൻസി. ഭൂമിയിലെ കമ്യൂണിക്കേഷൻ സംവിധാനങ്ങളെ തടസപ്പെടുത്തുന്ന സൗരക്കാറ്റുകളുണ്ടാകുന്നത് കൊറോണയിൽ നിന്നാണ്.

അപ്പോജി (ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലം) 600 കിലോമീറ്ററും പെരിജി (ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലം) 60000 കിലോമീറ്ററുമായി അർധവൃത്താകൃതിയുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളുടെ സഞ്ചാരമെന്ന് ഇസ്രൊ ചെയർമാൻ എസ്. സോമനാഥ്. ഇത്രയും ദൂരത്തിൽ അർധവൃത്താകൃതിയുള്ള ഭ്രമണപഥത്തിലേക്ക് പിഎസ്എൽവി ആദ്യമായാണ് ഉപഗ്രഹമെത്തിക്കുന്നതെന്ന് ഇസ്രൊയുടെ വാണിജ്യ വിഭാഗം എൻഎസ്ഐഎലിന്‍റെ ചെയർമാനും എംഡിയുമായ ഡി. രാധാകൃഷ്ണൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com