
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യക്കോഴ ആരോപണം ഗൗരവമുള്ളതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്‍റംഗങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേഡും വ്യവസായിക്കു കൈമാറിയെന്ന വെളിപ്പെടുത്തൽ ഏറെ പ്രധാനമാണ്. ഇക്കാര്യത്തിൽ പാർലമെന്‍ററി എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തോട് നാഷണൽ ഇൻഫൊർമാറ്റിക് സെന്‍റർ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മഹുവയ്ക്കെതിരേ പരാതി ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് നൽകിയ മറുപടിക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്നു ലഭിക്കുന്ന ഏതു നിർദേശത്തോടും എൻഐസി അനുകൂലമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഹുവയ്ക്ക് ലോക്സഭാ പ്രവർത്തനങ്ങൾക്കായി നൽകിയ അക്കൗണ്ടിന്‍റെ ഐഡിയും പാസ്‌വേഡും റിയൽ എസ്റ്റേറ്റ് വ്യവസായ ദർശൻ ഹിരാനന്ദനിയുമായി പങ്കുവച്ചെന്നാണു ദുബെയുടെ ആരോപണം.
മഹുവ ഇന്ത്യയിലുള്ളപ്പോൾ ഹിരാനന്ദനി ദുബായിയിലിരുന്ന് ഈ ഐഡി ഉപയോഗിച്ച് ലോക്സഭാ അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും ചോദ്യങ്ങൾ തയാറാക്കി അയയ്ക്കുകയും ചെയ്തെന്നും ദുബെ പറയുന്നു. മഹുവ ലോക്സഭയിൽ ഉന്നയിച്ച 61 ചോദ്യങ്ങളിൽ അമ്പതും കൈക്കൂലി സ്വീകരിച്ചശേഷം വ്യവസായിയുടെ താത്പര്യത്തിനു വേണ്ടി തയാറാക്കിയതാണെന്നാണ് ആരോപണം.