
വാരണാസി: രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വാരണാസി വിമാനത്താവളത്തിൽ ലാൻഡിങ്ങ് നിഷേധിച്ചെന്ന കോൺഗ്രസ് ആരോപണം തള്ളി വാരണാസി വിമാനത്താവളം. രാഹുൽ തന്നെയാണ് വിമാനം റദ്ദാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. വിമാനത്താവള അധികൃതരാണ് യാത്ര നിഷേധിച്ചതെങ്കിൽ വിവരം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രാഹുൽ ഗാന്ധിയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ടാഗ് ചെയ്തുകൊണ്ടാണ് വാരണാസി വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
രാഹുൽ ഗന്ധിക്ക് യാത്ര നിഷേധിച്ചെന്നാരോപിച്ച് യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായാണ് നേരത്തെ രംഗത്തെത്തിയിരുന്നത്. ജില്ലാ ഭരണ കൂടത്തിന്‍റെ സമ്മർദ്ദത്തിനു വഴങ്ങിയാണ് വിമാന അധികൃതർ യാത്ര റദ്ദാക്കിയതെന്നും യോഗി ആദിത്യ നാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ പേടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം.
നേരത്തെ ചൊവ്വാഴ്ച വാരാണസിയിലും പ്രയാഗ്‌രാജിലും രാഹുൽ ഗാന്ധി പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ സന്ദർശനത്തിന്‍റെ പേരിലാണ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചതെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളിലൂടെ ഉയർത്തിയ ആരോപണം.