സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി | CP Radhakrishnan wins Vice-President election

നിയുക്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയത് 152 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ; പ്രതിപക്ഷത്തുനിന്ന് വോട്ട് ചോർന്നു
Summary

ആകെ വോട്ട് 781 | പോൾ ചെയ്തത് 767 | സി.പി. രാധാകൃഷ്ണൻ 452 | ബി. സുദർശൻ റെഡ്ഡി 300 | അസാധു 15

ന്യൂഡൽഹി: രാജ്യത്തിന്‍റെ പതിനഞ്ചാം ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിക്കെതിരേ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മഹാരാഷ്‌ട്ര ഗവർണർ കൂടിയായ രാധാകൃഷ്ണന്‍റെ വിജയം. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ റെഡ്ഡിക്കു കിട്ടിയത് 300 വോട്ട്.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്റ്ററൽ കോളെജിന് നിലവിൽ 781 ആയിരുന്നു അംഗബലം. വൈഎസ്ആർ കോൺഗ്രസിന്‍റെ പിന്തുണ ഉൾപ്പെടെ 437 വോട്ടുകളാണ് എൻഡിഎ ഉറപ്പാക്കിയിരുന്നത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ 15 വോട്ടുകൾ അധികമായി ലഭിച്ചത് എൻഡിഎയുടെ ഏകോപന മികവിനു തെളിവായപ്പോൾ 324 വോട്ടുകൾ പ്രതീക്ഷിച്ചിരുന്ന റെഡ്ഡി 300ൽ ഒതുങ്ങിയത് പ്രതിപക്ഷത്തെ വോട്ടുചോർച്ച തുറന്നുകാട്ടി.

15 പ്രതിപക്ഷാംഗങ്ങളെങ്കിലും രാധാകൃഷ്ണന് വോട്ട് ചെയ്തെന്നു ബിജെപി നേതാക്കൾ പറഞ്ഞു. നേരത്തേ, തങ്ങളുടെ 315 വോട്ടുകളും റെഡ്ഡിക്കു തന്നെയെന്ന് ഉറപ്പിച്ചതായി നേരത്തേ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.

പാർലമെന്‍റ് സമുച്ചയത്തിൽ രാവിലെ 10നു തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിച്ച തെരഞ്ഞെടുപ്പിൽ 767 പേരാണു വോട്ട് രേഖപ്പെടുത്തിയതെന്ന് വരണാധികാരി പി.സി. മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 98.2 ശതമാനം പോളിങ്. 15 വോട്ടുകൾ അസാധുവായി. വോട്ട് ചെയ്യാൻ എംപി വിസമ്മതിച്ചതിനാൽ ഒരു തപാൽ ബാലറ്റ് റദ്ദാക്കി. 300നെതിരേ 452 വോട്ടുകൾ നേടിയ രാധാകൃഷ്ണൻ വിജയിച്ചെന്നും മോദി പ്രഖ്യാപിച്ചു. ഏഴ് എംപിമാരുള്ള ബിജെഡി, നാലംഗങ്ങളുള്ള ബിആർഎസ്, ഒരംഗമുള്ള അകാലിദൾ എന്നീ കക്ഷികളും രണ്ടു സ്വതന്ത്രരും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ജൂലൈ 21ന് ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെയാണ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്.

സി.പി. രാധാകൃഷ്ണൻ

തമിഴ്നാട്ടിലെ തിരുപ്പുർ സ്വദേശി. 68 വയസ്. നേരത്തേ ഝാർഖണ്ഡ് ഗവർണറായിരുന്നു. നിലവിൽ മഹാരാഷ്‌ട്ര ഗവർണർ. കുറഞ്ഞകാലം തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുടെയും അധിക ചുമതല വഹിച്ചു. പൊതുപ്രവർത്തനത്തിൽ നാലര പതിറ്റാണ്ടിന്‍റെ പരിചയസമ്പത്ത്. ആർഎസ്എസിലൂടെ തുടക്കം. രണ്ടു തവണ കോയമ്പത്തൂരിൽ നിന്നു ലോക്സഭയിലെത്തി. ടെക്സ്റ്റൈൽകാര്യ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു. 2004-2007ൽ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ. തമിഴ്നാട്ടിലുടനീളം 93 ദിവസം നീണ്ട പദയാത്ര നടത്തി. സൗമ്യമായ പെരുമാറ്റം. രാഷ്‌ട്രീയത്തിനതീതമായ സൗഹൃദവലയം. കോയമ്പത്തൂരിലെ വാജ്പേയി എന്നു വിളിപ്പേര്. കൊങ്കുനാട് മേഖലയിൽ ശക്തമായ സ്വാധീനമുള്ള ഗൗണ്ടർ വിഭാഗത്തിൽ നിന്നുള്ള നേതാവ്.

ദക്ഷിണേന്ത്യയിൽ നിന്ന് ഏഴാമൻ

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏഴാമത്തെ ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഗവർണർ പദവിയിൽ നിന്ന് ഈ പദവിയിലേക്കെത്തുന്ന എട്ടാമൻ. ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടിൽ നിന്നുള്ള ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഡോ. സക്കീർ ഹുസൈൻ, ബി.ഡി. ജട്ടി, കെ.ആർ. നാരായണൻ. എം. വെങ്കയ്യ നായിഡു എന്നിവരായിരുന്നു ദക്ഷിണേന്ത്യയിൽ നിന്നുള്ള മറ്റ് ഉപരാഷ്‌ട്രപതിമാർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com