

നോട്ടാം: നവംബർ 13 മുതൽ 20 വരെ വടക്കു കിഴക്കൻ മേഖലയിൽ
file map
ദക്ഷിണേക്ഷ്യ പുകയുകയാണ്, സങ്കീർണമായ ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളാണ് അതിനു കാരണം. ഇന്ത്യയാകട്ടെ ഈ കടുത്ത സാഹചര്യത്തിൽ രാഷ്ട്രത്തിന്‍റെ ഏറ്റവും തന്ത്രപ്രധാനമേഖലയായ ചിക്കൻസ് നെക്ക് അഥവാ സിലിഗുരി ഇടനാഴിയിൽ സുരക്ഷ അതീവ ശക്തമാക്കിയിരിക്കുന്നു.
വടക്കു കിഴക്കൻ മേഖലയിൽ ചൈന, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രധാന സൈനികാഭ്യാസത്തിനായാണ് ഇപ്പോൾ ഈ നോട്ടാം(NOTAM) നൽകിയിരിക്കുന്നത്.
ബംഗ്ലാദേശിന്‍റെ പാക്-ചൈന ബന്ധങ്ങളിൽ ഉണ്ടായ ആശങ്കയാണ് ഇന്ത്യയെ ഇതിനു പ്രേരിപ്പിക്കുന്നത്.ബംഗ്ലാദേശ് അതിർത്തിയിൽ മൂന്നു പുതിയ സൈനിക ഗാരിസണുകൾ ആണ് ഇന്ത്യ ഇതിനകം സ്ഥാപിച്ചിരിക്കുന്നത്. ബാമുനി(ധുബ്രിക്ക് സമീപം)കിഷെൻ ഗഞ്ച്(ബീഹാർ), ചോപ്ര(വടക്കൻ ദിനാജ്പൂർ-പശ്ചിമ ബംഗാൾ) എന്നീ ഗാരിസണുകൾ ചിക്കൻ നെക്ക് ഇടനാഴിയിലെ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി.
ചിക്കൻസ് നെക്ക് അഥവാ സിലിഗുരി ഇടനാഴി:
വടക്കൻ പശ്ചിമ ബംഗാളിലെ കേവലം 22 കിലോമീറ്റർ മാത്രം വീതിയുള്ള ഒരു ഇടുങ്ങിയ ഭൂപ്രദേശമാണ് ചിക്കൻസ് നെക്ക് .ഇത് ഇന്ത്യയിലെ ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, സിക്കിം എന്നിവയുമായി ബന്ധിപ്പിക്കുന്നു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് , ചൈന എന്നീ അതിർത്തികൾക്കിടയിലാണ് ഈ ഇടനാഴി.
അതിനാൽ തന്നെ ഇത് ഒരു തന്ത്രപ്രധാനമായ ചെക്ക്പോയിന്‍റാണ് ഇന്ത്യയ്ക്ക്. ചിക്കൻസ് നെക്കിന് ഉണ്ടാകുന്ന ഏതൊരു ഭീഷണിയും ഇന്ത്യയിലെ ഏതാണ്ട് 50 ദശലക്ഷത്തോളം ആളുകളുടെ ആവാസ വ്യവസ്ഥയെയും സാമ്പത്തിക ബന്ധങ്ങളെയും തകർക്കും. അതിനാൽ തന്നെ ഇന്ത്യൻ സൈന്യത്തിന് ഈ ചെറിയ ഇടനാഴി ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രതിരോധ ഇടനാഴിയാണ്.
പശ്ചിമ ബംഗാൾ, സിക്കിം, വടക്കു കിഴക്കൻ മേഖലകളിൽ നിന്നുള്ള സേനകൾക്ക് അതിവേഗം ഒത്തു ചേരാൻ സാധിക്കുന്ന ഈ ഇടനാഴി മേഖലയിൽ ഇപ്പോൾ റാഫേൽ യുദ്ധ വിമാനങ്ങളും ബ്രഹ്മോസ് മിസൈൽ റെജിമെന്‍റുകളും എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളും ഈ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യ.
നോട്ടാം നോട്ടീസ് നൽകിയതിന്‍റെ ഭാഗമായി വടക്കു കിഴക്കൻ മേഖലയിലെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. നവംബർ 13 മുതൽ 20 വരെ വലിയ വ്യോമാഭ്യാസങ്ങൾ നടക്കും. സിവിലിയൻ വ്യോമഗതാഗതത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ വ്യോമാതിർത്തി നിയന്ത്രിക്കാൻ നോട്ടാം സഹായകമാകും. യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധ യൂണിറ്റുകൾ, സംയോജിത പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഈ നോട്ടാമിൽ പങ്കെടുക്കും. ഓപ്പറേഷൻ സിന്ദൂറിനു ശേഷം വടക്കു കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ അഭ്യാസമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഇതിനു മുമ്പ് ഒക്റ്റോബർ 31 ന് പുറത്തിറക്കിയ നോട്ടാമിൽ ചൈന, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ആറു തിയതികൾ പരാമർശിച്ചിരുന്നു. നവംബർ 6,20, ഡിസംബർ 4,18,2026 ജനുവരി 1,15 എന്നിവയായിരുന്നു ആ തിയതികൾ. സിലിഗുരി ഇടനാഴിയിലെ ദ്രുതസേനാ സമാഹകരണവും അതിർത്തി ആധിപത്യവുമാണ് ഈ അഭ്യാസങ്ങളുടെ ലക്ഷ്യം.