

ഗുർമീത് റാം റഹീം
ന‍്യൂഡൽഹി: കൊലപാതകം, ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ അനുവദിച്ചു. ഇത്തവണ 30 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. ഇതോടെ റോഹ്താക്കിലെ സുനാരിയ ജയിലിൽ നിന്ന് ഗുർമീത് പുറത്തിറങ്ങി.
2017 ഓഗസ്റ്റിൽ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം 16ാം തവണയാണ് ഗുർമീത് ജയിൽ മോചിതനാകുന്നത്. നേരത്തെ ഈ വർഷം ജനുവരി 5ന് ഇയാൾക്ക് പരോൾ നൽകിയിരുന്നു. സിർസയിലെ ദേരാ ആശ്രമിത്തിലായിരിക്കും പരോൾ കാലാവധിയിൽ ഗുർമീത് താമസിക്കുന്നത്.
2017ൽ സിർസയിലെ ദേരാ ആസ്ഥാനത്ത് വച്ച് തന്‍റെ അനുയായികളായ രണ്ട് വനിതകളെ ബലാത്സംഗം ചെയ്തതിന് ഗുർമീത് റാം റഹീം സിങ്ങിന് 20 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 16 വർഷങ്ങൾക്ക് മുമ്പ് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിചേർക്കപ്പെട്ടിരുന്നു.