

മുംബൈ: പാക്കിസ്ഥാനെ ക്യാൻസറിനോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മുംബൈയിൽ പത്തൊമ്പാതം നാനി എ. പാൽക്കിവാല സ്മാരക പ്രഭാഷണത്തിലാണു പാക്കിസ്ഥാനെതിരേ കടുത്ത ഭാഷയിലുള്ള വിമർശനം.
അയൽ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചു വിശദീകരിച്ച ജയശങ്കർ, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനു പാക്കിസ്ഥാൻ നൽകുന്ന പിന്തുണ മൂലം അവരുമായുള്ള ബന്ധം പിരിമുറുക്കത്തിലാണെന്നു വ്യക്തമാക്കി.
മറ്റുള്ളവർക്കെതിരേ അവർ ഉപയോഗിച്ച ഈ ക്യാൻസർ (ഭീകരപ്രവർത്തനം) ഇപ്പോൾ അവരുടെ തന്നെ ശരീരത്തെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം. പാക്കിസ്ഥാന്‍റെ ഈ സമീപനത്തെ ഉപഭൂഖണ്ഡം നിരീക്ഷിക്കുന്നുണ്ട്.
പരസ്പര ബഹുമാനം, താത്പര്യം, സംവേദന ക്ഷമത എന്നിവയിലൂന്നിയാണ് ഇന്ത്യ ആഗോളതലത്തിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നത്. ഇന്ത്യ പടിഞ്ഞാറൻ രാജ്യമല്ല. എന്നാൽ, നമ്മുടെ തന്ത്രപരമായ താത്പര്യങ്ങൾ നമ്മൾ പടിഞ്ഞാറൻ രാജ്യങ്ങൾക്കു വിരുദ്ധരല്ലെന്നും ഉറപ്പാക്കുന്നു. ധനകാര്യ സ്ഥാപനങ്ങളെ ആയുധമാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച മന്ത്രി ഇന്ത്യയുടെ ആഭ്യന്തര വളർച്ച കരുത്തുറ്റതാക്കാൻ ആഹ്വാനം ചെയ്തു.