ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

ജമ്മു കശ്മീരിലെ വിവിധ മതസംഘടനകളുടെ കൂട്ടായ്മയായ മുത്താഹിദ മജ്‌ലിസ് ഉലമയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്
J-K religious body objects to sale of pork products on quick-commerce platform

ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

representative image- Ai

Updated on

ശ്രീനഗർ: പ്രമുഖ ക്വിക്ക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റിൽ പോർക്ക് ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനെതിരേ എതിർപ്പുമായി ജമ്മു കശ്മീരിലെ വിവിധ മതസംഘടനകളുടെ കൂട്ടായ്മയായ മുത്താഹിദ മജ്‌ലിസ് ഉലമ (എംഎംയു). ഇതിനെതിരേ എംഎംയു ശക്തമായ പ്രതിഷേധം അറിയിക്കുകയും ഉടൻ തന്നെ ഇത് നീക്കം ചെയ്യണമെന്ന് കമ്പനിയോട് ആവശ‍്യപ്പെടുകയും ചെയ്തു.

ഇസ്‌ലാമിൽ പന്നിയിറച്ചി വിൽക്കുന്നതും കഴിക്കുന്നതും നിരോധിച്ചിട്ടുള്ളതാണെന്നും മുസ്‌ലിംങ്ങൾ ഈ വിഷയത്തെ വൈകാരികമായാണ് സമീപിക്കുന്നതെന്നും ഇത് എല്ലാവർക്കും അറിയാവുന്ന കാര‍്യമാണെന്നും എംഎംയു തങ്ങളുടെ ഔദ‍്യോഗിക പ്രസ്താവനയിൽ വ‍്യക്തമാക്കി.

ഇത്തരം ഉത്പ്പനങ്ങൾ വിൽപ്പനയ്ക്കു വേണ്ടി വിപണിയിലെത്തിക്കാൻ എങ്ങനെയാണ് അനുവാദം ലഭിച്ചതെന്നും എംഎംയു ചോദിച്ചു. വിഷയം അധികാരികൾ ഗൗരവമായി അന്വേഷിക്കണമെന്നും ഇതിലുൾപ്പെട്ടവർക്കെതിരേ മുന്നറിയിപ്പ് നൽകണമെന്നും സംഘടന ആവശ‍്യപ്പെട്ടു. ഉത്പ്പന്നങ്ങൾ ആപ്പിൽ നിന്നും നീക്കം ചെയ്യണമെന്ന് പറഞ്ഞ എംഎംയു കശ്മീരിൽ പരസ‍്യം ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യില്ലെന്ന് കമ്പനി ഉറപ്പാക്കണമെന്ന് ആവശ‍്യപ്പെട്ടു.

ഇവിടെ പ്രവൃത്തിക്കുന്ന വ‍്യവസായ സ്ഥാപനങ്ങൾ ഇവിടത്തെ മതപരവും സാംസ്കാരികവുമായ വികാരങ്ങളെ മാനിക്കാനും ഉത്തരവാദിത്വത്തോടെ പെരുമാറാനും ബാധ‍്യസ്ഥരാണെന്ന് എംഎംയുവിന്‍റെ പ്രസ്താവനയിൽ പറയുന്നു. കശ്മീരിൽ പോർക്ക് ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനോ കഴിക്കുന്നതിനോ നിരോധനം നിലനിൽക്കാത്ത പശ്ചാത്തലത്തിലാണ് എതിർപ്പുമായി മതസംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com