

നിതീഷ് കുമാർ
പറ്റ്ന: ജനതാ ദൾ യുനൈറ്റഡ് അഥവാ ജെഡി-യു പാർട്ടിയുടെ പേര് പരിഷ്കരിക്കുന്നതു പരിഗണിക്കുന്നു. പാർട്ടിയുടെ പരമോന്നത നേതാവ് നിതീഷ് കുമാറിന്‍റെ പേര് ചേർത്ത് ജെഡി-യു നിതീഷ് എന്നാക്കുന്നതാണു പരിഗണിക്കുന്നത്. വർക്കിങ് പ്രസിഡന്‍റ് സഞ്ജയ് ഝാ മുന്നോട്ടുവച്ച നിർദേശത്തോട് മുതിർന്ന നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചെന്നാണു റിപ്പോർട്ട്. സമതാ പാർട്ടിയുടെ കാലം മുതൽ നിതീഷിനൊപ്പമുള്ള ഇപ്പോഴത്തെ ബിഹാർ ഉപമുഖ്യമന്ത്രി ബിജേന്ദ്ര പ്രസാദ് യാദവും മന്ത്രി ശ്രാവൺ കുമാറും സഞ്ജയ് ഝായുടെ നിർദേശത്തിനു പൂർണ പിന്തുണ നൽകി. നിതീഷ് കുമാറിനൊപ്പമാണു പാർട്ടി എക്കാലവുമെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങളാണ് മുന്നോട്ടു നയിക്കുന്നതെന്നും പ്രഖ്യാപിക്കാൻ ഇതിലും നല്ലൊരു ആശയമില്ലെന്നാണ് ശ്രാവൺ കുമാറിന്‍റെ നിലപാട്.
2003ലാണ് നിതീഷ് കുമാർ ഉൾപ്പെട്ട സമതാ പാർട്ടി ശരദ് യാദവ് നേതൃത്വം നൽകിയ ജെഡി-യുവിൽ ലയിച്ചത്. തുടർന്ന് ജെഡി-യു എന്ന പേര് നിലനിർത്തി. 2016ൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെടുന്നതുവരെ ശരദ് യാദവായിരുന്നു ജെഡി-യു ദേശീയ അധ്യക്ഷൻ. എന്നാൽ, ഫലത്തിൽ പാർട്ടിയെ നിയന്ത്രിച്ചിരുന്നത് നിതീഷായിരുന്നു. 2016ൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത നിതീഷ് 2020ൽ തന്‍റെ വിശ്വസ്തൻ ആർ.സി.പി. സിങ്ങിന് ഇതു കൈമാറി.
എന്നാൽ, സിങ് തന്നോട് ആലോചിക്കാതെ കേന്ദ്ര മന്ത്രിസ്ഥാനം സ്വീകരിച്ചതിനെത്തുടർന്ന് പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്താക്കിയ നിതീഷ്, രാജീവ് രഞ്ജൻ സിങ്ങി (ലാലൻ സിങ്)നെ ജെഡി-യു അധ്യക്ഷനാക്കി. 2023ൽ നിതീഷ് ഈ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ ഏപ്രിലിൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കു കൈമാറിയ നിതീഷ് രാജ്യസഭയിലേക്കു മാറിയെങ്കിലും രാഷ്‌ട്രീയത്തിൽ നിന്നു വിരമിക്കാനുള്ള നീക്കങ്ങളിലാണ്. അതേസമയം, ജെഡി-യു പിളർപ്പിലേക്കു നീങ്ങുന്നതിന്‍റെ സൂചനയാണ് പേരുമാറ്റമെന്ന് ആർജെഡി ആരോപിച്ചു. സഞ്ജയ് ഝായുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയോട് അടുക്കുകയാണെന്നും ലാലൻ സിങ് ഉൾപ്പെടെ ഇതിന്‍റെ ഏജന്‍റുമാരായി പ്രവർത്തിക്കുകയാണെന്നും ആർജെഡി എംഎൽഎ ഭായി വീരേന്ദ്ര.