

പ്രതിഷേധത്തിൽ നിന്നും
റാഞ്ചി: സംസ്ഥാനത്തെ നിയമന പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ‍്യാർഥികൾ നടത്തുന്ന സമരം 21ാം ദിവസത്തിലേക്ക് കടന്നു. ഓഗസ്റ്റ് 15ന് രാജ‍്യത്തിന്‍റെ 80ാം സ്വാതന്ത്ര‍്യദിനത്തിൽ ദേശീയ പതാകയും കൈയിലേന്തി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് വിദ‍്യാർഥികളുടെ നീക്കം.
സ്വാതന്ത്ര‍്യദിനത്തിൽ ദേശീയ പതാകയുമായി പ്രതിഷേധം നടത്തുന്നത് സമരം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിദ‍്യാർഥികൾ പറയുന്നത്. ഓഗസ്റ്റ് 10ന് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ കേസെടുത്തതിനെതിരേ റാഞ്ചി ജില്ലാ ഭരണകൂടത്തിനെതിരേ വിദ‍്യാർഥികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ സ്വതന്ത്ര സമിതിയോ സിബിഐയോ കേസ് ഏറ്റെടുക്കണമെന്ന ആവശ‍്യവുമായാണ് വിദ‍്യാർഥികൾ സമരം നടത്തുന്നത്. തിങ്കളാഴ്ച വിദ‍്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആക്രമണം നടത്തിയവരെ കണ്ടെത്താൻ പൊലീസ് വിഡിയോ ദൃശ‍്യങ്ങൾ പരിശോധിച്ചു വരുകയാണ്.
നിയമസഭാ മാർച്ചിനിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ കണ്ടാലറിയാവുന്ന 300 ഓളം പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം നിരവധി കുറ്റങ്ങൾ ചുമത്തിയാണ് വിധാൻ സഭ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് റാഞ്ചി എസ്പി പരാസ് റാണ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഹതിയ ഡിഎസ്പി നീരജ് കുമാർ വ‍്യക്തമാക്കി. സമരക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ 14 പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. ഇതേത്തുടർന്ന് ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചാണ് പ്രതിഷേധകാരെ പിരിച്ചുവിട്ടത്.
തിരിച്ചറിയാത്ത ആളുകൾക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ ഒരു വിദ‍്യാർഥിക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് ജെപിഎസ്‌സി- ജെഎസ്‌എസ്‌സി റിഫോംസ് മഞ്ച് നേതാവ് രവീന്ദ്ര പസ്വാൻ സർക്കാരിനോട് അഭ‍്യർഥിച്ചു. അതേസമയം, കഴിഞ്ഞ 13 ദിവസമായി നിരാഹാര സമരം തുടരുന്ന വിദ‍്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ‍്യനിലയിൽ ആശങ്ക തുടരുകയാണ്.