

ജമ്മു കശ്മീരിലെ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്‍റെ ദൃശ്യം.
ന്യൂഡൽഹി: ഫരീദാബാദിൽ അറസ്റ്റിലായ ഭീകരരിൽനിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ ജമ്മു കശ്മീരിലെ ശ്രീനഗറനടുത്തുള്ള നൗഗാം പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചു. ഏഴു പേർ മരിച്ചു. 24 പൊലീസുകാർ ഉൾപ്പെടെ 27 പേർക്കു പരുക്കേറ്റു. ഇവർ ശ്രീനഗറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ഭീകരർ ശേഖരിച്ച് സൂക്ഷിച്ചിരുന്ന 2900 കിലോഗ്രാം രാസവസ്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്. ഇതിന്‍റെ ഒരു ഭാഗമാണ് പൊലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചത്. വൻ സ്ഫോടനത്തിനു പിന്നാലെ നിരവധി ചെറു സ്ഫോടനങ്ങളുമുണ്ടായി. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. ഫരീദാബാദ് ടെറർ മൊഡ്യൂൾ കേസ് പ്രധാനമായും കൈകാര്യം ചെയ്യുന്ന സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. അബദ്ധത്തിൽ സംഭവിച്ചതാണോ ഭീകര പദ്ധതിയുടെ ഭാഗമായിരുന്നോ എന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്ന് അധികൃതർ.
ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ഫൊറൻസിക് പരിശോധനയ്ക്കായാണ് സ്ഫോടക വസ്തുക്കൾ ശ്രീനഗറിലേക്കു കൊണ്ടുവന്നത്. ഇതിൽ 360 കിലോഗ്രാം രാസവസ്തുക്കൾ ഉണ്ടായിരുന്നു എന്നാണ് സൂചന. അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങി സ്ഫോടനത്തിനു കാരണമാകാവുന്ന വസ്തുക്കൾ ഇതിലുണ്ടായിരുന്നു.
നൗഗാമിൽ പ്രത്യക്ഷപ്പെട്ട ഭീഷണി പോസ്റ്ററുകളിൽ നിന്നാണ് ഈ ടെറർ മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. അതിനാൽ, ഈ സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്.