
ടി.ജെ.എസ്. ജോർജ്
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. മണിപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം. 2011ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ തുമ്പമൺ സ്വദേശിയാണ് ജോർജ്. മജിസ്ട്രേറ്റായിരുന്ന ടി.ടി. ജേക്കബിന്‍റെയും ചാച്ചിയാമ്മ ജേക്കബിന്‍റെയും മകനായി 1928 മെയിലാണ് തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ്. ജോർജിന്‍റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവർത്തനം നടത്തിയിട്ടുണ്ട്. 1950ൽ മുബായിലെ ഫ്രീപ്രസ് ജേർണലിലൂടെയാണ് പത്രപ്രവർത്തനം ആരംഭിച്ചത്.
പിന്നീട് ഇന്‍റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്‍റെ സ്ഥാപക പത്രാധിപരാണ് ജോർജ്. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രഗല്ഭനായ കോളമിസ്റ്റാണ്. പത്രാധിപർ, പംക്തി എഴുത്തുകാരൻ, ഗ്രന്ഥകാരൻ എന്നതിനു പുറമെ ദീർഘകാലമായി ചൈനാ നിരീക്ഷകനുമായിരുന്നും.
പത്തു വർഷത്തെ ഇടവേളക്ക് ശേഷം ചൈന സന്ദർശിച്ച അദ്ദേഹം ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള ചൈനയുടെ ഒരുക്കങ്ങളെ നേരിൽ കാണുകയും ആധുനിക ചൈനയെ കുറിച്ച് ലേഖന പരമ്പര എഴുതുകയും ചെയ്തിട്ടുണ്ട്. പതിനാറോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മോഹൻലാൽ, നസീറുദ്ദീൻ ഷാ എന്നിവർ അഭിനയിച്ച 'കൃഷ്ണ' എന്ന ചിത്രത്തിനുള്ള തിരക്കഥ ശശി തരൂരുമായി ചേർന്ന് എഴുതിയിട്ടുണ്ട്.
ബഷീർ പുരസ്കാരം, രാജ്യോത്സവ പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ പത്രപ്രവർത്തക പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്രിക അക്കാദമി പുരസ്കാരം, പത്മഭൂഷൺ പുരസ്കാരം, ‘ഗൾഫ് മാധ്യമം’ ഏർപ്പെടുത്തിയ കമലാ സുറയ്യ പുരസ്കാരം എന്നീ പുരസ്കാരങ്ങളും ലഭിച്ചും.