മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഈ മാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മാധ്യമപ്രവർത്തക സാഗരിക ഘോഷ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. സാഗരിക, മുൻ എംപിമാരായ സുഷ്മിത ദേവ്, മമതബാല ഠാക്കുർ, മുഹമ്മദ് നദിമുൾ ഹഖ് എന്നിവരാണു തൃണമൂലിന്റെ സ്ഥാനാർഥികൾ. അഞ്ച് ഒഴിവുകളാണു സംസ്ഥാനത്തുള്ളത്.
അബീർ രഞ്ജൻ വിശ്വാസ്, സുഭാഷ് ചക്രവർത്തി, ഡോ. ശന്തനു സെൻ, നദിമുൾ ഹഖ് എന്നിവരുടെ കാലാവധി പൂർത്തിയായ ഒഴിവിലാണു തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നദിമുൾ ഹഖിനു മാത്രമാണ് രാജ്യസഭയിലേക്കു രണ്ടാമൂഴം നൽകിയത്.
മുതിർന്ന കോൺഗ്രസ് എംപി അഭിഷേക് മനു സിങ്വിയാണ് പശ്ചിമ ബംഗാളിൽ നിന്നു വിരമിക്കുന്ന അഞ്ചാമത്തെ അംഗം. എന്നാൽ, തൃണമൂലിന് നാലു പേരെ മാത്രമേ ജയിപ്പിക്കാനാകൂ. അഞ്ചാമത്തെ സീറ്റ് ബിജെപിക്കു ലഭിക്കും.
അമ്പത്തൊമ്പതുകാരി സാഗരിക ഘോഷ് ദേശീയ ദിനപത്രങ്ങളിലും ചാനലുകളിലും ദീർഘകാലം പ്രവർത്തിച്ചശേഷമാണ് പാർലമെന്ററി രംഗത്തേക്ക് എത്തുന്നത്. അച്ഛൻ ഭാസ്കർ ഘോഷ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് ഭർത്താവ്.
നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കടുത്ത വിമർശകരാണ് സാഗരികയും രാജ്ദീപ് സർദേശായിയും. സുഷ്മിത അസമിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചേക്കുമെന്നു കരുതിയിരിക്കെയാണു രാജ്യസഭാ സ്ഥാനാർഥിത്വം ലഭിക്കുന്നത്.
രാജ്യസഭയിൽ തൃണമൂലിന്റെ പോരാളിയാണ് ഹഖ്. മമത ബാല ഠാക്കുർ തൃണമൂൽ നേതൃത്വത്തിലെ ദളിത് മുഖമാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മമതബാല പരാജയപ്പെട്ടിരുന്നു.
പൗരസമൂഹത്തിലെ നിരവധി പേർ മമത ബാനർജിയിലൂടെ പ്രചോദിതരായി പോരാട്ടത്തിനിറങ്ങാൻ മുന്നോട്ടുവരുന്നുണ്ടെന്നു തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ. അവരിൽ ഒരാളാണു സാഗരിക ഘോഷ് എന്നും അദ്ദേഹം.