ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

പ്രതിപക്ഷം 324 വോട്ട് ഉറപ്പിച്ച സ്ഥാനത്ത്, സുദർശൻ റെഡ്ഡിക്കു കിട്ടിയത് 300 വോട്ട് മാത്രം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

ഇന്ത്യൻ പാർലമെന്‍റ്.

File
Updated on

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്മയായ "ഇന്ത്യ'യിൽ നിന്നുള്ള ക്രോസ് വോട്ടിങ്ങിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ആകെ പോൾ ചെയ്ത 767 വോട്ടിൽ 452 നേടിയാണ് എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർഥി സുദർശൻ റെഡ്ഡിക്ക് ലഭിച്ചത് 300 വോട്ടുകൾ മാത്രം. 15 വോട്ടുകൾ അസാധുവായിരുന്നു. 324 വോട്ടുകൾ പ്രതിപക്ഷത്തിന് ഉറപ്പാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് തെരഞ്ഞെടുപ്പിനു മുൻപ് അവകാശപ്പെട്ടത്. വോട്ടെടുപ്പ് കഴിഞ്ഞശേഷം 315 വോട്ടുകൾ പ്രതിപക്ഷത്തിന്‍റേതായി റെഡ്ഡിക്കു ചെയ്തിട്ടുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു. എന്നാൽ, ബാലറ്റ് പരിശോധിച്ചപ്പോൾ 15 വോട്ടുകൾ കുറവ്.

അതേസമയം, വിജയിച്ച സി.പി. രാധാകൃഷ്ണന് എൻഡിഎയുടേതായി ഉറപ്പുണ്ടായിരുന്നത് 427 വോട്ടുകളാണ്. വൈഎസ്ആർ കോൺഗ്രസിന്‍റെ 11 പേർ കൂടി പിന്തുണച്ചപ്പോൾ 438 വോട്ടുകൾ. ഇതിനെക്കാൾ 14 വോട്ടുകൾ കൂടി ലഭിച്ചു രാധാകൃഷ്ണന്. ഇതു പ്രതിപക്ഷത്തിന്‍റെ പെട്ടിയിൽ നിന്നു ചോർന്നതെന്ന് ഉറപ്പ്.

അസാധുവായ 15 വോട്ടുകളിൽ പന്ത്രണ്ടും പ്രതിപക്ഷത്തിന്‍റേതാണെന്ന് കോൺഗ്രസ് എംപി നാസിർ ഹുസൈൻ പറയുന്നു. അങ്ങനെയെങ്കിൽ 17 പ്രതിപക്ഷ എംപിമാർ ക്രോസ് വോട്ട് ചെയ്തിരിക്കാമെന്നാണു വിലയിരുത്തൽ. എഎപി (3), ആർജെഡി (2), ജെഎംഎം (1), ശിവസേന- യുബിടി (2) തുടങ്ങിയ കക്ഷികളിൽ നിന്നുള്ളവരുടെ വോട്ടുകളാണ് അസാധുവായതെന്നും റിപ്പോർട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് നേടാനായത് ധാർമികമായ വിജയമാണെന്നായിരുന്നു തോൽവിക്കു ശേഷം ജയ്റാം രമേഷിന്‍റെ വാദം. വോട്ട് ചോർച്ചയെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. അവകാശപ്പെട്ടതിലും 15 വോട്ട് കുറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാത്തതെന്ത് എന്ന ചോദ്യമുയർത്തിയിട്ടുണ്ട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. 14 പ്രതിപക്ഷ എംപിമാർ ക്രോസ് വോട്ടിങ് നടത്തിയെന്നും മറ്റു 15 പേർ മനഃപൂർവം അസാധുവാക്കിയെന്നും ബിജെപി എംപി അമിത് മാളവ്യ പറഞ്ഞു.

എന്നാൽ, ക്രോസ് വോട്ടിങ് ഗൗരവമേറിയ വിഷയമാണെന്നു കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. എതിർസഖ്യത്തിന് വോട്ട് ചെയ്തത് ആരായാലും അതു വിശ്വാസലംഘനമാണെന്നും തിവാരി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com