

അമൻ കുമാർ ശർമ
ന‍്യൂഡൽഹി: ഡൽഹി കോടതി ജഡ്ജി അമൻ കുമാർ ശർമയെ (30) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സഫ്ദര്‍ജംഗിൽ ശനിയാഴ്ചയോടെയാണ് സംഭവം. ഡൽഹി പൊലീസ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥരും ഫൊറൻസിക് ഉദ‍്യോഗസ്ഥരും സ്ഥലത്ത് എത്തിച്ചേർന്നു. ആത്മഹത‍്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ‍്യക്തതയില്ല.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. വീടിനുള്ളിലെ ബാത്ത്റൂമിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമൻ ശർമയുടെ ഭാര‍്യാ സഹോദരൻ ശിവം ആണ് പൊലീസിനെ മരണ വിവരം അറിയിച്ചത്.
പൊലീസ് ഉടനെ അമൻ ശർമയുടെ വസതിയിൽ എത്തിച്ചേരുകയും ഉടനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊലപാതകത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ‍്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടിത്തിന് അയച്ചു.