ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി | ജസ്റ്റിസ് സൂര്യകാന്ത്
ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ്; നടപടിയാരംഭിച്ച് കേന്ദ്രം
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പിൻഗാമിയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. നവംബർ 23നാണു ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. ഈ സാഹചര്യത്തിൽ പിൻഗാമിയെ നാമനിർദേശം ചെയ്യാൻ ആവശ്യപ്പെട്ടു കേന്ദ്രം ഇന്നലെ ചീഫ് ജസ്റ്റിസിനു കത്ത് കൈമാറി. സുപ്രീം കോടതി ജഡ്ജിമാരിൽ സീനിയോരിറ്റിയിൽ ഇനി മുന്നിലുള്ളത് ജസ്റ്റിസ് സൂര്യകാന്താണ്. ഗവായിയുടെ പിൻഗാമിയായി നിയമിതനാകുന്ന സൂര്യകാന്തിന് 2027 ഫെബ്രുവരി ഒമ്പതു വരെ കാലാവധിയുണ്ടാകും. 65 വയസാണ് സുപ്രീം കോടതിയിൽ വിരമിക്കൽ പ്രായം.
ജസ്റ്റിസ് ഗവായ് വിരമിക്കും മുൻപേ ബില്ലുകളിൽ ഒപ്പുവയ്ക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി സംബന്ധിച്ച രാഷ്‌ട്രപതിയുടെ റഫറൻസിൽ വിധി പറയും. ചീഫ് ജസ്റ്റിസ് ഗവായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാഷ്‌ട്രപതിയുടെ റഫറൻസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു.