ബംഗളൂരുവില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചു

ഇന്ത്യന്‍ വ്യോമസേനയുമായി ഏകോപിപ്പിച്ച്, പ്രത്യേക വിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയത്.
Bangladeshi nationals staying illegally in Bengaluru deported

ബംഗളൂരുവില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയച്ചു

Updated on

ബംഗളൂരു: ബംഗളൂരുവിലും സമീപ ജില്ലകളിലും അനധികൃതമായി താമസിച്ചിരുന്ന 160 ബംഗ്ലാദേശ് പൗരന്മാരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചയച്ചതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. നാടുകടത്തല്‍ നടപടികള്‍ പൊലീസും ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസും ചേര്‍ന്നാണ് ഏകോപിപ്പിച്ചത്. ബുധനാഴ്ചയാണ് നാടുകടത്തല്‍ നടപടികള്‍ നടന്നതെന്നു ബംഗളൂരു പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുമായി ഏകോപിപ്പിച്ച്, പ്രത്യേക വിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയത്. എഫ്ആര്‍ആര്‍ഒ ബിഎസ്എഫുമായി സഹകരിച്ചാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബെല്ലന്ദൂര്‍, ബെഗൂര്‍, വര്‍ത്തൂര്‍, ബാന്‍ഡെ പാള്യ, മരത്തഹള്ളി എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാരെ കസ്റ്റഡിയിലെടുത്തത്. കൂടാതെ ചിക്കമംഗളൂരു, ഗദഗ് ജില്ലകളില്‍ നിന്ന് ഏഴു പേരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം അതിര്‍ത്തിയിലെത്തിച്ച ഇവരെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന് (ബിഎസ്എഫ്) കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍, പ്രത്യേകിച്ച് ബംഗളൂരുവിലെ പ്രധാന പ്രദേശങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെക്കുറിച്ച് തുടര്‍ച്ചയായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തി. സാധുവായ രേഖകളില്ലാതെ കണ്ടെത്തിയ വിദേശ പൗരന്മാരെ ആദ്യം തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും, തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com