ഇന്ത്യയെ ഇന്ത്യയാക്കിയത് ഭരണഘടന: കമൽഹാസൻ

നമ്മുടെ ഭരണഘടന വായിക്കാനും അതിന്‍റെ മൂല്യങ്ങള്‍ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യന്‍ എന്ന വാക്കിന്‍റെ അര്‍ഥം ഉള്‍ക്കൊള്ളാനും ദേശസ്‌നേഹിയായ ഓരോ ഇന്ത്യക്കാരനും തയാറാവണം.
Kamal Haasan
കമൽ ഹാസൻ
Updated on

ചെന്നൈ: ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75ആം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്.

കമൽഹാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നുള്ള കുറേ മനഷ്യരുടെ രണ്ട് വർഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാർ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്.

ഭരണഘടന തയാറാക്കാനായി പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ ഈ ധിഷണാശാലികൾ ഒന്നിച്ച് ചേർന്നപ്പോൾ രാജ്യം വലിയ പ്രതിസന്ധികൾ നേരിടുകയായിരുന്നു. നമുക്ക് സ്വാതന്ത്ര്യം കിട്ടി അധികനാളായിരുന്നില്ല. വിഭജനം സൃഷ്ടിച്ച സംഘർഷങ്ങളും മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പലായനവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പല സംസ്കാരങ്ങളും പല വിശ്വാസങ്ങളും പലഭാഷകളുമുള്ള ഒരു വലിയ ജനതയെ ഒരു രാജ്യമാക്കി മാറ്റുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വിദേശ നിരീക്ഷകർ ഒരു ജനാധിപത്യ രാജ്യമായി മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിക്കുമോ എന്ന് പോലും സംശയിച്ചു.

പക്ഷേ, ആ ദേശസ്നേഹികൾ പ്രതിസന്ധികളെ അവസരങ്ങളായാണ് കണ്ടത്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ജനതയ്ക്ക് അവരെങ്ങെനെ ഭരിക്കപ്പെടണം എന്ന് തീരുമാനിക്കപ്പെടാനുള്ള അവസരമുണ്ടായി. ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന ഒരു രേഖയായിരുന്നു അവർ തയാറാക്കിയിരുന്നത്. ലോകത്തിന് മാതൃകയായ ഒരു ജനാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റിയത് ആ ഭരണഘടനയാണ്.നമ്മുടെ ഭരണഘടന വായിക്കാനും അതിന്‍റെ മൂല്യങ്ങൾ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യൻ എന്നതിന്‍റെ അർഥം ഉൾകൊള്ളാനും ദേശസ്നേഹിയായ ഒരോ ഇന്ത്യക്കാരനും തയാറാവണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com