
ന്യൂഡൽഹി: ചെങ്കോട്ടയിലെ ദസറ ആഘോഷത്തിൽ നടി കങ്കണ റണാവത് രാവണ പ്രതിമയ്ക്ക് തീ പകരും. 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. മൈതാനത്ത് തയാറാക്കിയ കൂറ്റൻ രാവണക്കോലത്തിലേക്ക് പ്രതീകാത്മതകമായി അമ്പെയ്ത് അഗ്നിക്കിരയാക്കുന്ന ചടങ്ങാണിത്.
സെപ്റ്റംബറിൽ പാർലമെന്‍റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചാണ് ഈ തീരുമാനമെന്ന് ഡൽഹിയിലെ ലവ് കുശ് രാംലീല കമ്മിറ്റി പ്രസിഡന്‍റ് അർജുൻ സിംഗ് പിടിഐയോട് പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ലവ് കുശ് രാംലീലയെ തീ പകരുന്നതിനെക്കുറിച്ച് കങ്കണ തന്നെയാണ് തന്‍റെ ഔദോഗിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
"എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം..." എന്നാണ് വീഡിയോക്കൊപ്പം കങ്കണ എഴുതിയത്. കഴിഞ്ഞ വർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.