മമത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി കനിമൊഴി

തെക്കൻ കോൽക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച
Kanimozhi, Mamata Banerjee

കനിമൊഴി, മമത ബാനർജി

Updated on

കോൽക്കത്ത: മുതിർന്ന ഡിഎംകെ നേതാവും ലോക്‌സഭാംഗവുമായ കനിമൊഴി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുമായി കോൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. തെക്കൻ കോൽക്കത്തയിലെ കാളിഘട്ടിലുള്ള മമതയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

മമത ബാനർജിയുടെ വസതിയിൽ ഇരുവരും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്നും പേര് വെളിപ്പെടുത്താത്ത ടിഎംസി നേതാവ് പറഞ്ഞു. എന്നാൽ ചർച്ച ചെയ്ത വിഷയങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ കനിമൊഴി മുംബൈയിൽ ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായും ഡൽഹിയിൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറുമായും ചർച്ച നടത്തിയിരുന്നു.

ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയും പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ വിവിധ പ്രാദേശിക കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നതിനിടെയുമാണ് കനിമൊഴിയുടെ കൂടിക്കാഴ്ചകൾ ശ്രദ്ധ നേടുന്നത്.

ദേശീയതലത്തിൽ ടിഎംസിയും കോൺഗ്രസും ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളാണെങ്കിലും പശ്ചിമ ബംഗാളിൽ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ഏറെക്കാലമായി തർക്കങ്ങൾ നിറഞ്ഞതാണ്. ഒക്റ്റോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇരു പാർട്ടികളും അടുത്തിടെ ഏറ്റുമുട്ടിയിരുന്നു.

നന്ദിഗ്രാം സീറ്റ് കോൺഗ്രസിന് വിട്ടുനൽകാമെന്ന വാഗ്ദാനവുമായി ടിഎംസി കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവെന്ന് സംസ്ഥാന കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി ഈ ആരോപണം തള്ളി.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. നടനും രാഷ്ട്രീയനേതാവുമായ സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് ഇപ്പോൾ ഭരണപക്ഷത്തും ഡിഎംകെ പ്രതിപക്ഷത്തുമാണ്.

അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുകയും 15 വർഷത്തെ ടിഎംസി ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തതോടെ പാർട്ടിയും രാഷ്ട്രീയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. നിയമസഭയിലും പാർലമെന്‍ററി വിഭാഗത്തിലും ഉയരുന്ന ഭിന്നതകൾ മമത ബാനർജിക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ജൂണിൽ നടന്ന ഇന്ത്യ മുന്നണി യോഗത്തിൽ ഡിഎംകെ പങ്കെടുത്തിരുന്നില്ല. തുടർന്ന് കോൺഗ്രസിനെതിരേ കൂടുതൽ ശക്തമായ നിലപാടാണ് ഡിഎംകെ സ്വീകരിച്ചുവരുന്നത്.

ഈ സാഹചര്യത്തിൽ കനിമൊഴിയുടെ വിവിധ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ കോൺഗ്രസ് നേതൃത്വം നൽകുന്ന ഘടനയ്ക്ക് പുറത്തുള്ള പാർട്ടികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനുള്ള ശ്രമമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകളെന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com