കാർഗിൽ വിജയത്തിന് 24 വയസ്; ധീര ജവാൻമാരുടെ സ്മരണയിൽ രാജ്യം

ജീവനേക്കാളും മാതൃരാജ്യത്തിന്‍റെ അഭിമാനത്തിന് വിലകല്‍പ്പിച്ച 527 വീര യോദ്ധാക്കളെ ഇന്ത്യക്ക് നഷ്ടപ്പെട്ടു
symbolic image
symbolic image
Updated on

ന്യൂഡൽഹി: പാക്കിസ്ഥാനെ തോൽപിച്ച് ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷങ്ങൾ പൂർത്തി‍‍യാവുകയാണ്. പാക്ക് സൈന്യം ഇന്ത്യൻ‌ മണ്ണിൽ നുഴഞ്ഞു ക‍യറിയതോടെയാണ് കാർ‌ഗിൽ മലനിരകളിൽ യുദ്ധം ആരംഭിക്കുന്നത്. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ഇന്ത്യൻ ത്രിവർണ പതാക പാറിപ്പറന്ന ദിവസമാണ് ജൂലൈ 26.

അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് 1999 ജൂലൈ 26 ന് നടത്തിയ വിജയ പ്രസംഗം ഇന്നും ഇന്ത്യക്കാരന്‍റെ മനസിൽ ദേശ സ്നേഹത്തിന്‍റെ ഇരമ്പലുകൾ ഉണ്ടാക്കുന്നു. ഇന്നു വരെ ആരും പരീക്ഷിക്കാത്ത യുദ്ധതന്ത്രങ്ങളും മനുഷ്യാധ്വാനവും കൂട്ടിയിണക്കിയാണ് ഇന്ത്യ 60 ദിവസത്തെ പോരാട്ടത്തിനൊടുവിൽ വിജയക്കൊടി പാറിച്ചത്.

1999 മെയ് 3 , ജമ്മു കശ്മീരിലെ ലഡാക്ക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയനാണ് പാക് സേന നുഴഞ്ഞുകയറുന്നത് ആദ്യമായി കണ്ടത്. ഉടൻ സൈന്യത്തെ വിവരം അറിയിച്ചു. സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം മടങ്ങിവന്നില്ല.

ഭീകരരുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും പിന്തുണയോടെ പാക്കിസ്ഥാൻ കാർഗിലിലെ ഉയർന്ന പോസ്റ്റുകളെല്ലാം പിടിച്ചടക്കി. ദ്രാസും , കാര്‍ഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിക്കാൻ പാക് സൈന്യം ശ്രമിച്ചു. കാര്‍ഗിലിലെ ഇന്ത്യൻ ആയുധ ശേഖരണ ശാലയ്ക്ക് നേരെ ഷെല്ലാക്രമണവും നടത്തി. ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവച്ചിടുകയും ലഫ്റ്റനന്‍റ് കെ. നചികേത പാക് പിടിയിലാകുകയും ചെയ്തു.

ജാട്ട് റെജിമെന്‍റിലെ ക്യാപ്ടൻ സൗരഭ് കാലിയ അടക്കമുള്ളവരെ ക്രൂരമായി പീഡിപിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. തോലോലിംഗ് കുന്നുകളും ടൈഗര്‍ ഹില്ലും മറ്റും തിരിച്ച് പിടിച്ചു. മലയടിവാരത്ത് നിന്ന് കുന്നുകള്‍ പിടിക്കാൻ കയറിയ കരസേനയിലെ ധാരാളം വീര സൈനികര്‍ക്ക് വീരമൃത്യു. 1999 ജൂലൈ ദ്രാസ് തിരിച്ച് പിടിച്ച് കരസേന.

ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്‌വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്‌സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാർക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യൻ സൈന്യത്തിന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പാക് സൈന്യം പരാജയം സമ്മതിച്ചു. ജീവനേക്കാളും മാതൃരാജ്യത്തിന്‍റെ അഭിമാനത്തിന് വിലകല്‍പ്പിച്ച 527 വീര യോദ്ധാക്കളെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. ധൈര്യം ആയുധമാക്കി പോരാട്ടം കൈമുതലാക്കി കാർഗിലിൽ ഇന്ത്യൻ സൈന്യം പേരാടി നേടിയ സമാനകളില്ലാത്ത വിജയം ഈ ദിനത്തിൽ വീണ്ടും ഓർമിക്കപെടുകയാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ഓരോ സൈനികനെയും രാജ്യം ഒരിക്കൽ കൂടി സ്മരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com