
ബെംഗളൂരു: കാർണാടക ജനവിധിയുടെ ആവേശം മങ്ങും മുൻപേ മുഖ്യമന്ത്രി ചർച്ചകളും പിടിവലികളും സജീവമായിരുന്നു. എന്നാൽ ഫലം വന്ന് 2 ദിനം പിന്നിട്ടിട്ടും കോൺഗ്രസിന് ശക്തമായൊരു തീരുമാനത്തിലേക്ക് എത്താനായിട്ടില്ല. അതിനിടെ ഡൽഹിയിൽ ഇന്നു ചേർന്ന നിർണായക യോഗത്തിനു ശേഷം എഐസിസി നിരീക്ഷക സമിതി റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ടു പ്രകാരം 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്, 45 നിയമസഭാംഗങ്ങൾ ഡി.കെ. ശിവകുമാറിനെയും മറ്റ് 6 അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്‍റ് തീരുമാനിക്കട്ടേയെന്ന നിലപാടും സ്വീകരിച്ചതായി പറയുന്നു.
നാളെയോടെ കാര്യങ്ങൾ കരയ്ക്കടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും പിസിസി അധ്യക്ഷനായ ഡികെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന് നൽകിയേക്കുമെന്നും കരുതുന്നു. അവിടെയും കാര്യങ്ങൾ തീരുന്നില്ല. ഉപമുഖ്യമന്ത്രി പദത്തിന് തനിക്കും ആഗ്രഹമുണ്ടെന്ന പരസ്യ വെളിപ്പെടുത്തലുമായി ലിംഗായത്ത് നേതാവ് എം. ബി പാട്ടീലും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒക്കെ അധികാരത്തിലെത്തിയാലും അടുത്തെങ്ങും കോൺഗ്രസിന്‍റെ തലവേദനയ്ക്ക് ശമനമുണ്ടാവില്ലെന്ന് സാരം