

ഡി.കെ. ശിവകുമാർ |സിദ്ധരാമയ്യ
ബെംഗളൂരു: നേതൃതർക്കം രൂക്ഷമായ കർണാടകയിൽ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും വേണ്ടി പ്രബല സമുദായ നേതൃത്വങ്ങളും ചേരിതിരിഞ്ഞു. പിന്നാക്ക വിഭാഗങ്ങളാണ് സിദ്ധരാമയ്യയെ പിന്തുണച്ച് പരസ്യമായി രംഗത്തിറങ്ങിയത്. സംസ്ഥാനത്ത് ഏറെ ശക്തമായ വൊക്കലിഗ സമുദായ നേതൃത്വം ശിവകുമാറിനു വേണ്ടിയും സജീവമാണ്. ഇതോടെ, കോൺഗ്രസ് ഹൈക്കമാൻഡിന് തലവേദന വർധിച്ചു. പ്രശ്ന പരിഹാരത്തിന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഡൽഹിക്കു വിളിച്ചേക്കും.
സിദ്ധരാമയ്യയെ മാറ്റിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് കർണാടകയിലെ ന്യൂനപക്ഷ-പിന്നാക്ക- ദളിത് വിഭാഗങ്ങളുടെ കൂട്ടായ്മ അഹിന്ദയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ദുഃഖമുണ്ടെന്ന് കർണാടക പിന്നാക്ക വിഭാഗ ഫെഡറേഷൻ പ്രസിഡന്‍റ് കെ.എം. രാമചന്ദ്രപ്പ പറഞ്ഞു. മതനേതാക്കൾ വരെ സിദ്ധരാമയ്യയ്ക്കെതിരേ വരുന്നു. ഇത് അംഗീകരിക്കാനാവില്ല. വൊക്കലിഗ സംഘം അവരുടെ നേതാവിനുവേണ്ടി രംഗത്തിറങ്ങിയാൽ ഞങ്ങളും വിട്ടുകൊടുക്കില്ല. അഹിന്ദ ഗ്രൂപ്പിലെ 70 ശതമാനവും ഈ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും രാമചന്ദ്രപ്പ.
എന്നാൽ, ശിവകുമാറിനോട് തുടർച്ചയായി അനീതി ചെയ്യുന്നത് അംഗീകരിക്കില്ലെന്നാണ് വൊക്കലിഗരുടെ സംഘടനയായ കർണാടക രാജ്യ വൊക്കലിഗ സംഘത്തിന്‍റെ പ്രസിഡന്‍റ് എൽ. ശ്രീനിവാസന്‍റെ മുന്നറിയിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവകുമാറിന്‍റെ കഠിനാധ്വാനമാണ് കോൺഗ്രസിന് 140 സീറ്റുകളോടെ വിജയം നൽകിയത്. 2023ൽ അധികാരം പങ്കിടാൻ കരാറുണ്ടാക്കിയപ്പോൾ തന്നെ സിദ്ധരാമയ്യ ഇതിൽ നിന്നു പിന്മാറുമെന്നു സംശയിച്ചിരുന്നതായും അദ്ദേഹം.
രണ്ടര വർഷം പൂർത്തിയാകുമ്പോൾ സിദ്ധരാമയ്യ രാജിവച്ച് ശിവകുമാറിന് മുഖ്യമന്ത്രി പദം നൽകാൻ നേരത്തേ രഹസ്യ ധാരണയുണ്ടായിരുന്നെന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. എന്നാൽ, അത്തരമൊരു കരാറില്ലെന്ന് സിദ്ധരാമയ്യ പറയുന്നു. ശിവകുമാറിനെ അനുകൂലിച്ച് എംഎൽഎമാർ ഡൽഹിയിലെത്തിയതോടെയാണ് നേതൃതർക്കം ചൂടുപിടിച്ചത്.