

ഡി.കെ. ശിവകുമാർ
ബെംഗളൂരു: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി കർണാടകയിലെ മലയാളി ജീവനക്കാർക്ക് ശമ്പളത്തോട് കൂടി മൂന്നു ദിവസം അവധി നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാനത്തെ തൊഴിലുടമകളോട് ഇക്കാര്യം അഭ്യർഥിച്ചു. കേരളത്തിൽ ഡിസംബർ 9, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതനുസരിച്ച് 9,10, 11 തീയതികളിലാവും അവധി നൽകുക.
കേരളത്തിൽ നിന്നുള്ള നിരവധി ആളുകൾ ബെംഗളൂരുവിലും മറ്റ് കർണാടക ജില്ലകളിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ ജനാധിപത്യപരമായ അവകാശത്തെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഡികെ പറഞ്ഞു.
സ്കൂളുകൾ, കോളെജുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കരാറുകാർ, നിർമാണ സ്ഥാപനങ്ങൾ, ബിൽഡർമാർ, കടയുടമകൾ, മറ്റ് ബിസിനസ് ഓപ്പറേറ്റർമാർ എന്നിവർ യോഗ്യരായ വോട്ടർമാർക്ക് കുറഞ്ഞത് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചത്.