

കർണാടക ഡിജിപി കുരുക്കിൽ
ബംഗലുരൂ: ഡിജിപി ഓഫീസിൽ നിന്നുള്ള ചുംബന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്‍റ് ഡിജിപി ആർ. രാമചന്ദ്ര റാവുവും ഒരു യുവതി അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ഉദ്യോഗസ്ഥതലത്തിൽ സംഭവം വിവാദമാവുകയും ചെയ്തു. നേരത്തെ രാമചന്ദ്ര റാവുവിന്‍റെ മകൾ രന്യാ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായിരുന്നു. അന്ന് മകളെ വഴിവിട്ട് സഹായിച്ചെന്ന പേരിൽ റാവുവിന് നിർബന്ധിത അവധിയിൽ പോകേണ്ടിവന്നിരുന്നു.
സർവീസിൽ തിരികെ പ്രവേശിച്ച് അധികം നാളുകൾ ആവുംമുൻപാണ് അശ്ലീല വിഡിയോ വിവാദം പുറത്തുവന്നിരിക്കുന്നത്.
ഔദ്യോഗിക ഓഫീസിലേക്ക് വിളിച്ചു വരുത്തി, ഡിജിപി യൂണിഫോമിൽ യുവതിയോട് അടുത്ത് ഇടപെഴകുന്നതിന്‍റെയും ചുംബിക്കുന്നതിന്‍റെയും 47 സെക്കന്‍ഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ആരോണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോ പുറത്ത് വന്നതോടെ രാമചന്ദ്ര റാവു ആഭ്യന്തരമന്ത്രി ജി.പരമേശ്വരയെ കാണാൻ ശ്രമിച്ചെങ്കിലും മന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നാണ് വിവരം. വീഡിയോ വ്യാജമാണെന്നും അന്വേഷണം വേണമെന്നുമാണ് രാമചന്ദ്രറാവുവിന്‍റെ ആവശ്യം. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആർ. രാമചന്ദ്ര റാവു