ധർമസ്ഥല കേസ്; 15ലധികം മുൻ അന്വേഷണ ഉദ‍്യോഗസ്ഥർക്ക് എസ്ഐടി സമൻസ്, ഒക്റ്റോബർ 30ന് ചോദ‍്യം ചെയ്യും

കേസിന്‍റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ‍്യോഗസ്ഥർക്കാണ് സിആർപിസി 160ാം വകുപ്പ് പ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്
Dharmasthala case: SIT issues summons to over 15 ex investigating officers; questioning to take place on October 30.

കർണാടക പൊലീസ്

പ്രതീകാത്മക ചിത്രം- എഐ

Updated on: 

ബെംഗളൂരു: ധർമസ്ഥല കേസിൽ ഒക്റ്റോബർ 30ന് ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് കേസ് അന്വേഷിച്ച പ്രത‍്യേക അന്വേഷണ സംഘം 15ലധികം പൊലീസ് ഉദ‍്യോഗസ്ഥർക്ക് സമൻസ് അയച്ചു. കേസിന്‍റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ‍്യോഗസ്ഥർക്കാണ് സിആർപിസി 160ാം വകുപ്പ് പ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ 14 വർഷമായി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നതിലേക്ക് നയിക്കാത്ത സാഹചര‍്യത്തിൽ ആ അന്വേഷണങ്ങളിലേക്ക് എസ്ഐടി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഈ ചോദ‍്യം ചെയ്യൽ.

വിവിധ ഏജൻസികൾ കേസ് കൈകാര‍്യം ചെയ്ത രീതിയെ പറ്റിയും അവർ ശേഖരിച്ച തെളിവുകൾ സംബന്ധിച്ചും എസ്ഐടി പരിശോധന നടത്തും. സെപ്റ്റംബർ 21ന് സുപ്രീം കോടതിയാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടതും കർണാടക സർക്കാരിനോട് മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തത്.

തന്‍റെ മകളുടെ മരണത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് ഇരയുടെ അമ്മ കുസുമവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നടന്ന സിബിഐ അന്വേഷണത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഐജിപി എൻ. ശശികുമാറിന്‍റേ മേൽനോട്ടത്തിൽ മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. സുധീർ കുമാർ റെഡ്ഡി അടക്കമുള്ളവരാണ് എസ്ഐടി സംഘത്തിലുള്ളത്. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി മുൻപ് കേസ് അന്വേഷിച്ച ഉദ‍്യോഗസ്ഥരെ ഈ സംഘത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2012 ഒക്റ്റോബർ 9ന് ആണ് ഉജിരെയിലെ എസ്ഡിഎം കോളെജ് വിദ‍്യാർഥിനിയായ 17കാരിയെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതാകുന്നത്. പിറ്റേദിവസം നേത്രാവതി നദിക്കരയിലെ വനപ്രദേശത്ത് നിന്നും വിദ‍്യാർഥിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് മുൻപ് 17കാരി ലൈംഗികാതിക്രമത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആദ‍്യം ബെൽത്തങ്ങാടി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിഐഡിയും സിബിഐയും ഏറ്റെടുത്തെങ്കിലും പ്രതികളെ ശിക്ഷിക്കുന്നതിലേക്ക് നയിച്ചില്ല.

logo
Metro Vaartha
www.metrovaartha.com