കെ.വി. നഞ്ചഗൗഡ
കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ കെ.വി. നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണാൻ നിർദേശിച്ച കർണാടക ഹൈക്കോടതി നാലാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനം നടത്താനും നിർദേശിച്ചു.
ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ജുനാഥ ഗൗഡ നൽകിയ പരാതിയിലാണു ജസ്റ്റിസ് ആർ. ദേവദാസിന്‍റെ വിധി. വോട്ടെണ്ണലിലും ഫലപ്രഖ്യാപനത്തിലും ക്രമക്കേടുകൾ നടന്നെന്നായിരുന്നു മഞ്ജുനാഥ ഗൗഡയുടെ പരാതി. അതേസമയം, നഞ്ചഗൗഡയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാൻ 30 ദിവസത്തെ സാവകാശം അനുവദിച്ചു.
കോലാർ ജില്ലയിലെ മാലൂരിൽ നിന്നാണ് നഞ്ചഗൗഡ തെരഞ്ഞെടുക്കപ്പെട്ടത്. ഐക്കിയ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന വോട്ടെണ്ണൽ പ്രക്രിയയുടെ വിഡിയൊ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സുരക്ഷിതമാക്കിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മുൻ കോലാർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ വെങ്കടരാജുവിനോട് കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച സർട്ടിഫിക്കെറ്റ് കോടതിയിൽ സമർപ്പിക്കണം.