വിവാഹാഭ്യർത്ഥന നിരസിച്ചതിന് 18കാരിക്ക് നേരെ ആസിഡ് ആക്രമണം
18കാരിക്കു നേരേ ആസിഡ് ആക്രമണം, പിന്നാലെ ജീവനൊടുക്കാന്‍ യുവാവിന്‍റെ ശ്രമം; യുവതി രക്ഷപെട്ടു, യുവാവ് ഗുരുതരാവസ്ഥയിൽ
ബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസുകാരിക്കു നേരേ ആസിഡ് ആക്രമണം. വൈശാലി (18) എന്ന പെൺകുട്ടി വിവാഹാഭ്യർഥന നിരസിച്ചതിനാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ്. പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ (22) എന്നയാളാണ് ആക്രമിച്ചത്. ഇതിനു ശേഷം ഇയാൾ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. അതേസമയം, പെൺകുട്ടിയുടെ പൊള്ളൽ ഗുരുതരമല്ലെന്നും അക്രമി ഗുരുതരാവസ്ഥയിലാണെന്നുമാണ് വിവരം.
പതിനെട്ടുകാരിയായ പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്‍റെ വൈരാഗ്യത്തിൽ ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തി ഇയാൾ പെൺകുട്ടിയുടെ മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിയുകയായിരുന്നു. പെൺകുട്ടിയുടെ കണ്ണിലടക്കം ഇത് വീണുവെങ്കിലും ഉപയോഗിച്ച പദാർഥം ദുർബലമയതിനാൽ പെൺകുട്ടിയുടെ മുഖത്ത് ചെറിയ പൊള്ളലും ചുവപ്പും മാത്രമായി രക്ഷപെട്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
എന്നാൽ, പെൺകുട്ടിയെ ആക്രമിച്ചതിനു തൊട്ടു പിന്നാലെ ആനന്ദ് കുമാർ സ്വയം ഡീസലൊഴിച്ച് തീകൊളുത്തി. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലുണ്ടെന്നും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ചിക്ബല്ലാപുര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.