

ബി. നാഗേന്ദ്ര
ബെംഗളൂരു: രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെന്ന മാധ‍്യമ റിപ്പോർട്ടുകൾ കർണാടക മന്ത്രി ബി. നാഗേന്ദ്ര തള്ളി. മാധ‍്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും മുഖ‍്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ഓഫിസിൽ നിന്നും തനിക്ക് ഇതുവരെ ഫോൺ കോൾ ഒന്നും ലഭിച്ചിട്ടില്ലെന്നും രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും തന്നെയില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി. നിങ്ങളുടെ സഹകരണം ആവശ‍്യമാണെന്ന് അദ്ദേഹം പറഞ്ഞതായി മന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കോൺഗ്രസ് പാർട്ടിക്ക് നാണകേടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ മന്ത്രി സ്ഥാനം രാജിവയ്ക്കാൻ നാഗേന്ദ്ര മുഖ‍്യമന്ത്രി ഡി.കെ. ശിവകുമാറിനെ അറിയിച്ചെന്നായിരുന്നു മാധ‍്യമങ്ങളിൽ പ്രചരിച്ചിരുന്ന റിപ്പോർട്ടുകൾ. കോടതിയിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമെന്നും നിയമനടപടികൾ പരിഹരിച്ചാൽ തനിക്ക് വീണ്ടും മനത്രിസഭയിലേക്ക് തിരിച്ചെത്താമെന്നും അദ്ദേഹം മുഖ‍്യമന്ത്രിയോട് പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
2024ൽ ആദിവാസി ക്ഷേമ മന്ത്രിയായിരിക്കെ കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിൽ 89 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നെന്നും നാഗേന്ദ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷമായ ബിജെപിയും സഖ‍്യകക്ഷിയായ ജെഡിഎസും ആവശ‍്യപ്പെട്ടിരുന്നു.
2024 മേയിൽ കോർപ്പറേഷനിലെ അക്കൗണ്ട്സ് ഓഫിസർ ചന്ദ്രശേഖരൻ ആത്മഹത‍്യ ചെയ്തതിനു പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്. അനധികൃതമായി ഫണ്ട് കൈമാറ്റം നടന്നതായി ആത്മഹത‍്യാക്കുറിപ്പ് എഴുതിയ ശേഷമാണ് ചന്ദ്രശേഖരൻ ജീവനൊടുക്കിയത്. പിന്നീട് വിഷയം വലിയ രാഷ്ട്രീയ വിവാദമായതോടെ 2024 ജൂണിൽ നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓഗസ്റ്റ് 3ന് വീണ്ടും മന്ത്രിസഭയിൽ അംഗമായത്.