
ബംഗളൂരു: നിയമസഭയിൽ മുസ്ലിമായ സ്പീക്കറെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യാൻ നിർബന്ധിതമാക്കിയത് കോൺഗ്രസ് സർക്കാരിന്റെ നേട്ടമാണെന്ന് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ. തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണു കർണാടക മന്ത്രിയുടെ വിവാദ പരാമർശം.
"ഞങ്ങളുടെ യു.ടി. ഖാദറിനു മുന്നിൽ എഴുന്നേറ്റു നിന്നു നമസ്കാരം പറയാനും സർ എന്നു വിളിക്കാനും ബിജെപി അംഗങ്ങൾ നിർബന്ധിതരാണ്. കോൺഗ്രസാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. മുസ്ലിം നേതാക്കൾക്ക് കോൺഗ്രസിൽ സുപ്രധാന ചുമതലകൾ ലഭിക്കുന്നു. കർണാടകയിൽ 17 മുസ്ലിംകളെ പാർട്ടി സ്ഥാനാർഥിയാക്കി. ഒമ്പതു പേർ ജയിച്ചു. അവരിൽ അഞ്ചു പേർക്ക് നിർണായക സ്വാധീനമുള്ള ചുമതലകൾ നൽകി''- ഖാൻ പറഞ്ഞു.
ഡിസംബർ നാലു മുതൽ 15 വരെ ബെലഗാവിയിൽ കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കാനിരിക്കെയാണ് മന്ത്രിയുടെ പരാമർശം.
മന്ത്രിയിൽ നിന്ന് ഇത്രയും തരംതാണ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നു ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഈ പ്രസ്താവനയുടെ പേരിൽ ശീതകാല സമ്മേളനത്തിൽ ബിജെപി അംഗങ്ങൾ സ്പീക്കർ വരുമ്പോൾ എഴുന്നേറ്റില്ലെങ്കിൽ നിയമസഭയിലെ അവസ്ഥയെന്താകും? മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടെങ്കിൽ മന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം.