

ഡോ. അങ്കിത
ബെംഗളൂരു; പഠനം പൂർത്തിയാകുന്നതിനു മുൻപേ മെഡിക്കൽ ഓഫിസറായി ജോലിക്ക് കയറിയ കർണാടക കോൺഗ്രസ് എംഎൽഎയുടെ അനന്തരവളെ പുറത്താക്കി. ബഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ അനന്തരവളായ ഡോ. അങ്കിത യാരഗലിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സ്വകാര്യ മെഡിക്കൽ കോളജിൽ പോസ്റ്റ് ഗ്രാജ്യുവേഷൻ പഠനം തുടരുന്നതിനൊപ്പമാണ് ബഗൽകോട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായി നിയമനം ലഭിച്ചതെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
മാസം 70,000 രൂപ ശമ്പളത്തോടെയാണ് അങ്കിതയെ നിയമിച്ചത്. എന്നാൽ ദിവസങ്ങളോളം ജോലിക്ക് വരാതെയിരുന്നതോടെ നമ്മ ക്ലിനിക്കിന്‍റെ പ്രവർത്തനം അവതാളത്തിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. കൃത്യവിലോപത്തിനും പഠനത്തിനൊപ്പം അനധികൃതമായി ജോലി ചെയ്തതിനും അങ്കിതയ്ക്കെതിരേ അന്വേഷണം ആരംഭിച്ചു.
ഈ വർഷം മാർച്ച് മുതലാണ് ഇവർ ജോലിക്ക് കയറിയത്. ജോലിക്ക് വരുന്നില്ലെങ്കിലും കൃത്യമായി 70,000 രൂപ സർക്കാർ ശമ്പളം അങ്കിത കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച് ബംഗൽകോട്ട് പഞ്ചായത്ത് സിഇഒ അങ്കിതയ്ക്ക് നോട്ടീസ് അയച്ചു. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലയളവിൽ ശമ്പളവും ഓണറേറിയവും ഇവർ കൈപറ്റിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നത്. പ്രതിഫലമായി വാങ്ങിയ പണം അങ്കിതയിൽ നിന്ന് തിരിച്ചുപിടിക്കാൻ അധികാരികൾക്ക് അവകാശമുണ്ട്. വിഷയം കർണാടക മെഡിക്കൽ കൗൺസിലിനേയും (കെഎംസി) ദേശീയ മെഡിക്കൽ കമ്മീഷനേയും (എൻഎംസി) അറിയിക്കുന്നതിലൂടെ ഇവർക്കെതിരേ അച്ചടക്ക നടപടിയുമുണ്ടായേക്കും.