
ഇനി കുറഞ്ഞ ചെലവിൽ സിനിമ കാണാം; ടിക്കറ്റ് നിരക്കിൽ പരിധി ഏർപ്പെടുത്തി കർണാടക
ബംഗളൂരു: കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്തി. സിനിമ തിയേറ്ററുകൾ, മർട്ടിപ്ലെക്സുകൾ എന്നിവിടിങ്ങളിൽ പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപയാക്കി കർണാടക സർക്കാർ ഉത്തരവിറക്കി.
കഴിഞ്ഞ ബജറ്റിൽ സിനിമ ടിക്കറ്റുകളുടെ നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. കർണാടക സിനിമ (Regular) നിയമം ഭേദഗതി ചെയ്താണ് ഉത്തരവിറക്കിയിരിക്കുന്നത്. വിനോദ നികുതി ഉൾപ്പെടെ മർട്ടിപ്ലെക്സുകളിലും തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയിൽ കൂടരുതെന്നാണ് ഗവർണർ ഒപ്പുവച്ച ഭേദഗതിയിൽ പറയുന്നത്.
സിനിമാ സംഘടനകൾക്ക് എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കാമെന്നും അതിനു ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു. തിയേറ്ററുകൾ സർക്കാർ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മർട്ടിപ്ലെക്സുകൾ സർക്കാർ തീരുമാനത്തിനെതിരാണ്.