ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് ലൈസൻസുകൾ റദ്ദാക്കി കർണാടക സർക്കാർ

വിഷമുള്ള ഉമ്മത്തിൻകായ ഭക്ഷ്യയോഗ്യമെന്നു കാണിച്ച് വിതരണം ചെയ്തതിനാണ് നടപടി. ഇവർക്ക് ഇതു സപ്ലൈ ചെയ്ത വ്യാപാരികൾക്കെതിരേയും നടപടി
ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് ലൈസൻസുകൾ റദ്ദാക്കി കർണാടക സർക്കാർ

ഉമ്മത്തിന്‍റെ വിത്ത്.

Representative image

Updated on

വിഷമയമുള്ള ഉമ്മത്തിൻകായ വിറ്റഴിച്ച വൻകിട ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് കർണാടക സർക്കാരിന്‍റെ കനത്ത പ്രഹരം. പ്രമുഖ ക്വിക്ക് കോമേഴ്‌സ് ആപ്പുകളായ ആമസോൺ (Amazon), സ്വിഗ്ഗി ഇൻസ്റ്റമാർട്ട് (Instamart), ബിഗ്ബാസ്കറ്റ് (BigBasket) എന്നിവയുടെ ഫുഡ് ലൈസൻസുകൾ കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് താത്കാലികമായി സസ്‌പെൻഡ് ചെയ്തു.

മനുഷ്യശരീരത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളും വിഷബാധയും ഉണ്ടാക്കുന്ന ഉമ്മത്തിൻകായയും ഇതിന്‍റെ വിത്തുകളും ഭക്ഷ്യയോഗ്യമെന്ന രീതിയിൽ FSSAI ലൈസൻസ് നമ്പറോടുകൂടി ലിസ്റ്റ് ചെയ്ത് വിറ്റഴിച്ചതിനാണ് നടപടി.

പരാതി ഉയർന്നതിനെ തുടർന്ന് ഫുഡ് സേഫ്റ്റി അഥോറിറ്റി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇവരുടെ വെയർഹൗസുകളിൽ ഉമ്മത്തിൻ കായ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചതായും കണ്ടെത്തി.

വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ ആമസോൺ തയാറായിട്ടില്ല. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഇൻസ്റ്റമാർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉമ്മത്തിന്‍റെ വിൽപ്പന നിർത്തിവച്ചെന്നും ഇനി മുതൽ 'ഭക്ഷണത്തിന് അനുയോജ്യമല്ല' എന്ന് രേഖപ്പെടുത്തി മാത്രമേ നൽകൂ എന്നും ബിഗ് ബാസ്കറ്റ് അറിയിച്ചു.

വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ അധികൃതർ, ഇവരുടെ ഫുഡ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ആപ്പുകൾക്ക് പുറമേ, ഇവർക്ക് ഉമ്മത്തിൻ കായ വിതരണം ചെയ്ത സപ്ലയർമാരുടെയും വ്യാപാരികളുടെയും ലൈസൻസുകളും അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത്തരം പരസ്യങ്ങളും ലിസ്റ്റിങ്ങുകളും ഉടനടി നീക്കം ചെയ്യാനും നിർദേശം നൽകി.

കൃത്യമായ മറുപടിയും സുരക്ഷാ ഉറപ്പുകളും നൽകിയ ശേഷം നടക്കുന്ന ഹിയറിങ്ങിനു ശേഷമേ ലൈസൻസ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com