
കെ.എൻ. രാജണ്ണ
ബംഗളൂരു: കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ രാജിവച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ പരാമർശത്തെ ചോദ്യം ചെയ്തതിന്‍റെ പേരിൽ ഹൈക്കമാൻഡ് രാജണ്ണയെ പുറത്താക്കിയിരുന്നു, പിന്നാലെ മന്ത്രിയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രാജി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് രാജണ്ണയുടെ രാജിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയ സമയത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്നും കരട് ഘട്ടത്തിൽ എതിർപ്പ് ഉന്നയിക്കുന്നതിന് പകരം പാർട്ടി നേതാക്കൾ കണ്ണടച്ച് നിശബ്ദരായിരുന്നെന്നും രാജണ്ണ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ണടച്ചതോടെ ബിജെപിക്ക് പ്രധാനമന്ത്രിയുണ്ടായെന്നും വിമർശിച്ച രാജണ്ണ കോൺഗ്രസ് കൃത്യസമയത്ത് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നും പറഞ്ഞിരുന്നു.
മന്ത്രിയുടെ പരാമർശം ഏറ്റെടുത്ത പ്രതിപക്ഷം നിയമസഭയിലടക്കം വിഷയം അവതരിപ്പിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നിയമസഭയിലെത്തിയ രാജണ്ണയോട് പ്രതിപക്ഷ നേതാവ് രാജിവച്ചോ എന്ന് ചോദിച്ചെങ്കിലും രാജണ്ണ അതിന് മറുപടി നൽകാതെ മുഖ്യമന്ത്രി പറയും എന്ന് അറിയിക്കുകയായിരുന്നു. പിന്നീടാണ് മന്ത്രി രാജിവച്ചതായി റിപ്പോർട്ട് പുറത്തുവന്നത്.
ഇതിനു മുൻപ് സംസ്ഥാനത്ത് ഒന്നിലധികം ഉപ മുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം ഉന്നയിച്ചും രാജണ്ണ വിവാദം സൃഷ്ടിച്ചിരുന്നു. സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള രാജണ്ണ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അകൽച്ചയിലാണ്.