
എം. കരുണാനിധി
File photo
ചെന്നൈ: മൂന്നു പതിറ്റാണ്ടു മുൻപു നടന്ന ചില സംഭവങ്ങളിലേക്കാണ് കരൂർ ദുരന്തം തന്‍റെ ഓർമകളെ കൂട്ടിക്കൊണ്ടുപോകുന്നതെന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മക്കൾ നീതി മയ്യം വൈസ് പ്രസിഡന്‍റുമായ എ.ജി. മൗര്യ.
1996 നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള കാലം. അന്നു ഞാൻ മൈലാപ്പുർ അസിസ്റ്റന്‍റ് കമ്മിഷണറാണ്. ആ സമയത്ത്, കരുണാനിധിക്ക് ഒരു സ്വർണ പേന സമ്മാനിക്കാൻ നടികർ സംഘം മറീന ബീച്ചിൽ ഒരു പൊതു പരിപാടി സംഘടിപ്പിച്ചു. നടൻ വിജയകാന്തായിരുന്നു ഇതിനു നേതൃത്വം നൽകുന്നത്.
തമിഴകത്തെ ബഹുഭൂരിപക്ഷം നടീനടന്മാരും പങ്കെടുത്ത പരിപാടിയിൽ അഞ്ചു ലക്ഷത്തോളം ആരാധകരാണ് ബീച്ചിലെത്തിയത്. ലൈറ്റ് ഹൗസ് മുതൽ അണ്ണാ സ്മാരകം വരെ മനുഷ്യക്കടലായി.
ഇത്രവലിയ ആൾക്കൂട്ടം കണ്ടതോടെ സംഘാടകരും പൊലീസും വേദിയിലിരുന്നവരുമെല്ലാം സമ്മർദത്തിലായി. പരിപാടി ഏറ്റവും വേഗം അവസാനിപ്പിക്കാനായിരുന്നു അധ്യക്ഷനായ ചോ രാമസ്വാമിയോട് അന്ന് കരുണാനിധിയുടെ നിർദേശം. ഇനിയും നീണ്ടുപോയാൽ അപകടത്തിനു സാധ്യതയുണ്ടെന്നും ജീവനാണു വലുതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മിനിറ്റിനുള്ളിൽ കരുണാനിധിക്ക് പേന സമ്മാനിച്ചു പരിപാടി അവസാനിപ്പിച്ചു. അപ്പോൾ തന്നെ കലൈഞ്ജർ മടങ്ങി.
പാർട്ടി പ്രവർത്തകരും നടന്മാരും വൊളന്‍റിയർമാരും ചേർന്ന് തിരക്കുണ്ടാകാത്ത വിധത്തിൽ ജനക്കൂട്ടത്തെ സുരക്ഷിതമായി മടക്കിയയച്ചു. ജില്ലാ സെക്രട്ടറി കിട്ടുവിന്‍റെ സഹകരണം വലുതായിരുന്നെന്നും മൗര്യ.
നേതാവായാൽ അങ്ങനെയാണ് പെരുമാറേണ്ടത്. ആഘോഷത്തെക്കാൾ മുൻഗണന പൊതുസുരക്ഷയ്ക്ക് നൽകിയ കരുണാനിധിയുടെ സമയോചിത തീരുമാനമാണ് അന്ന് ദുരന്തം ഒഴിവാക്കിയതെന്നും അദ്ദേഹം.