കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്.
Karunanidhi's eldest son Muthu passes away

എം.കെ. മുത്തു

Updated on

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ സഹോദരനുമായ എം.കെ. മുത്തു (മുത്തുവേൽ കരുണാനിധി മുത്തു- 77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്.

നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്‍റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്‍റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.

അദ്ദേഹത്തിന്‍റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു താൻ നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് ആദ്യ ചിത്രം. ശമയല്‍ക്കാരന്‍, അണയാവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാന ചിത്രങ്ങളാണ്. മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്.

മുത്തുവിനെ രാഷ്‌ട്രീയത്തിൽ പിൻഗാമിയാക്കാനാണ് കരുണാനിധി ആദ്യം ആഗ്രഹിച്ചത്. പിന്നീട് സിനിമയിലേക്ക് ഇറക്കി. ശോഭിക്കാതെ വന്നതോടെ മുത്തു അഭിനയം മതിയാക്കി. അതിനു ശേഷം അച്ഛനും മകനുമായി തർക്കമുണ്ടായി. കടുത്ത മദ്യപാനത്തിലേക്കു വീണ മുത്തുവുമായി കരുണാനിധിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. 80കളോടെ ഇരുവരും അകന്നു. പിന്നാലെ മുത്തു ഡിഎംകെ വിട്ട് ജയലളിതയ്ക്കൊപ്പം അണ്ണാ ഡിഎംകെയിലേക്കു പോയെങ്കിലും അവിടെയും ഭാവി ഉണ്ടാക്കാനായില്ല.

2009ൽ രോഗബാധിതനായിരിക്കെ കരുണാനിധി ആശുപത്രിയിലെത്തി മുത്തുവിനെ കണ്ടതോടെയാണ് ഏറെക്കാലത്തെ പിണക്കം മാറിയത്. രണ്ടു ദശകങ്ങളായി രോഗബാധിതനായിരുന്നു. വളരെ ചുരുക്കമായേ പൊതുവേദികളിൽ എത്തിയിരുന്നുള്ളൂ.

പിതാവിനെപ്പോലെ തന്നെ സ്നേഹിച്ചിരുന്നയാളാണ് സഹോദരനെന്ന് എം.കെ. സ്റ്റാലിൻ അനുസ്മരിച്ചു. "കരുണാനിധിയുടെ അച്ഛൻ മുത്തുവേലരുടെ പേരിൽനിന്നാണ് മുത്തുവിന്‍റെ പേര് എടുത്തത്. കലൈഞ്ജരെപ്പോലെ അദ്ദേഹവും തിയെറ്റർ രംഗത്തെത്തി. ദ്രാവിഡർക്കു വേണ്ടി പ്രവർത്തിച്ചു. ആദ്യ സിനിമയിൽത്തന്നെ ഇരട്ടവേഷത്തിൽ അഭിനയിച്ചു. എന്‍റെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. കാണുമ്പോഴൊക്കെ പഴയകാല ഓർമകൾ പങ്കുവയ്ക്കുമായിരുന്നു. കലയും പാട്ടുകളുമായി ഞങ്ങളുടെ ഓർമകളിലും ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം ജീവിക്കും''- സ്റ്റാലിൻ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com