

വിജയ്
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്ത് സിബിഐ. കരൂരിൽ എത്താൻ വൈകിയത് എന്താണെന്നും ജനങ്ങളെ നിയന്ത്രിക്കുന്നതിലുണ്ടായ പിഴവിനെക്കുറിച്ചുമാണ് പ്രധാനമായി സിബിഐ ചോദിച്ചത്. സിബിഐയുടെ ചോദ്യങ്ങൾക്കെല്ലാം വിജയ് മറുപടി നൽകിയെന്നും ചോദ്യം ചെയ്യൽ പൂർത്തിയായെന്നുമാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വർഷം സെപ്റ്റംബർ കരൂരിലുണ്ടായ അപകടത്തിൽ 9 കുട്ടികൾ ഉൾപ്പടെ 41 പേരാണ് മരിട്ടത്. 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് മണിക്കൂർ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. പറഞ്ഞ സമയത്തു നിന്ന് ഇത്ര വൈകി എത്താനുള്ള കാര്യം എന്താണെന്ന് താരത്തോട് സിബിഐ തിരക്കി. കൂടാതെ കരൂരിൽ പരിപാടി സംഘടിപ്പിച്ചത് ആരാണെന്നും ജനങ്ങളെ നിയന്ത്രിക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയിരുന്നത് എന്നടക്കമുള്ള ചോദ്യങ്ങൾ സിബിഐ ചോദിച്ചതായാണ് വിവരം.
ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഇന്നു രാവിലെയാണ് വിജയ് ഹാജരായത്. ഇതിനായി രാവിലെ 7നാണ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽനിന്നു വിജയ് പുറപ്പെട്ടത്. ടിവികെ നേതാവ് ആദവ് അർജുനയും വിജയ്‌ക്കൊപ്പം ഡൽഹിയിൽ എത്തിയിട്ടുണ്ട്. പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യംചെയ്തിരുന്നു. ആദ്യമായാണു വിജയ്‌യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂർ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.