
കശ്മീരിലെ കത്വയിൽ നിന്നുള്ള കുരുന്നിന്‍റെ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. സ്വന്തം സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥ പ്രധാനമന്ത്രിയെ അറിയിച്ചു കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. മോദിജീ, എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു തുടങ്ങിയ വീഡിയോയിൽ തറയിലിരുന്നു പഠിക്കുന്നതിന്‍റെ ബുദ്ധിമുട്ടും, സ്കൂളിൽ വൃത്തിഹീനമായ സാഹചര്യവുമൊക്കെ വിവരിച്ചിരുന്നു. എന്തായാലും ആ വീഡിയോക്ക് ഇപ്പോൾ ഫലം കണ്ടിരിക്കുന്നു.
മൂന്നാം ക്ലാസ് വിദ്യാർഥിനിയായ സീറത്ത് നാസാണ് തന്‍റെ സ്കൂളിന്‍റെ അവസ്ഥ വിശദമായി തന്നെ വിവരിച്ചത്. വീഡിയോ ശ്രദ്ധ നേടിയതോടെ ജമ്മു ഡയറക്‌ടർ ഓഫ് സ്കൂൾ എജ്യുക്കേഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. ലോഹായ്-മൽഹാർ പ്രദേശത്തെ ഈ ഗവൺമെന്‍റ് സ്കൂൾ അദ്ദേഹം സന്ദർശിക്കുകയും അറ്റകുറ്റപ്പണികൾക്ക് തുടക്കമിടുകയും ചെയ്തു. സ്കൂളിന്‍റെ ആധുനികവത്ക്കരണത്തിനായി 91 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. കൂടാതെ ജമ്മു പ്രവിശ്യയിൽ ആയിരം കിന്‍റർഗാർഡനുകളുടെ നിർമാണം തുടങ്ങാനും പദ്ധതിയായിട്ടുണ്ട്.
എന്തായാലും സീറത്ത് നാസ് സന്തോഷത്തിലാണ്. തന്‍റെയൊരു വീഡിയോ കൊണ്ടു മാത്രം സ്കൂളിലുണ്ടാകുന്ന മാറ്റങ്ങൾ ഏറെ സന്തോഷം തരുന്നുണ്ടെന്നു സീറത്ത് പറയുന്നു.