

കെ.സി. വേണുഗോപാൽ എംപി
File
തിരുവനന്തപുരം: പുറത്തുവന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയം വീക്ഷിക്കുന്ന ഓരോ ജനാധിപത്യ വിശ്വാസിയേയും അതിശയിപ്പിക്കുന്നതും അതോടൊപ്പം ആശങ്കപ്പെടുത്തുന്നതും ഗൗരവമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. കേവലം ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭരണത്തുടര്‍ച്ചയെന്ന് വിലയിരുത്തിയാല്‍ അത് അസ്ഥിരപ്പെടുന്ന ജനാധിപത്യത്തെ നാം കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമാണ്. അതിസമര്‍ത്ഥമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ എങ്ങനെ അട്ടിമറിക്കാമെന്ന് തുടര്‍ച്ചയായി ബിജെപി തെളിയിക്കുകയാണ്. നിഷ്പക്ഷതയുടെ മുഖം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പക്ഷപാതമായ പിന്തുണ ബിജെപിക്ക് ലഭിക്കുന്നിടത്തോളം കാലം ഇത്തരം വിജയങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യമാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലുള്ളത്.
ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി ആരോപിച്ചതുപോലെ, ബിഹാര്‍ ഫലം കണ്ട് ഞെട്ടേണ്ടതില്ല. കാരണം, ഇതൊരു 'മഹാരാഷ്ട്ര പാറ്റേണ്‍' ആണ്, അവിടെ തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും കൈകോര്‍ത്ത് ഒത്തുകളിച്ച് വിജയം നേടിയെടുക്കുകയായിരുന്നു. ദേശീയ അജണ്ട നടപ്പാക്കുന്ന ഈ കൂട്ടുകെട്ട് നിലനില്‍ക്കെ, ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ഫലം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നയിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടി ചേര്‍ന്നാണ് ഇന്‍ഡ്യ സഖ്യത്തിന് ഈ വന്‍ തോല്‍വി സമ്മാനിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 1984-ലെ ചരിത്ര ഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് ലഭിക്കാത്ത 90 ശതമാനത്തിലധികം സ്ട്രൈക്ക് റേറ്റ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്ന കെ.സി. വേണുഗോപാൽ എംപിയുടെ വാദം പ്രസക്തമാണ്. ജെഡിയു ഇന്ത്യ സഖ്യത്തിനൊപ്പം ചേർന്നാൽ പോലും സർക്കാർ ഉണ്ടാക്കാൻ പറ്റാത്ത വിധത്തിലുള്ള 'ഡിസൈൻഡ് ഇലക്ഷൻ റിസൾട്ടാണ്' ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറയുമ്പോൾ അത് ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ചിരിക്കുന്ന അപകടത്തെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. എന്‍ഡിഎയുടെ ഒരു ഘടകകക്ഷിയെപ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറിയത് എന്ന് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.
1. വോട്ടര്‍ പട്ടികയിലെ ആസൂത്രിത അട്ടിമറി (എസ്ഐആര്‍)
കുറുക്കുവഴിയിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ആയുധം മാത്രമാണ് ഈ നടപടി. ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരു ഘടകമാണ് സ്‌പെഷ്യല്‍ ഇന്‍റൻസീവ് റിവിഷന്‍ (എസ്.ഐ.ആര്‍) എന്ന പേരില്‍ നടന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണം. ഈ പ്രക്രിയയിലൂടെ ഏകദേശം 67 ലക്ഷം മുതല്‍ 90 ലക്ഷം വരെ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 12,800 വോട്ടുകളുടെ വ്യത്യാസത്തിലാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമായതെങ്കില്‍, എസ്ഐആറിലൂടെ ആ അന്തരം 90 ലക്ഷമാക്കി മാറ്റിയാണ് 2025-ലെ തെരഞ്ഞെടുപ്പ് നടന്നത്.
തങ്ങള്‍ക്ക് അനുകൂലമായ വോട്ടുകളെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്തി അല്ലാത്തവയെ ഒഴിവാക്കുന്ന തന്ത്രപരമായ തെരഞ്ഞെടുപ്പ് എഞ്ചിനിയറിങ് വൈഭവമാണ് ബിജെപി പുറത്തെടുത്തത്. അതിനായി രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്തതും ചെയ്യാത്തതുമായ ഇടപെടിലിലൂടെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗിച്ചു. SIRന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്യപ്പെട്ടതായാണ് വിവരം. അധികം പോൾ ചെയ്യപ്പെട്ട മൂന്ന് ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു എന്ന സിപിഐഎംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യയുടെ ചോദ്യത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ബാധ്യതയുണ്ട്.
പ്രതിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിടല്‍:
ദളിതര്‍, ആദിവാസികള്‍, ഒബിസി, ഇബിസി, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ ഇല്ലാതാക്കുകയാണ് സെക്ഷന്‍ 13 (ഡി) ഉപയോഗിച്ച് ബിജെപി ചെയ്തത്.
മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ വെട്ടിമാറ്റല്‍:
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ എസ്ഐആര്‍ മുഖേന ഒഴിവാക്കിയത് ഇന്ത്യ സഖ്യത്തിന്‍റെ സ്വാധീന മേഖലയായ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ നിന്നാണ്. ഓരോ മണ്ഡലത്തിലും ഏതാണ്ട് എട്ടു ശതമാനം വോട്ടുകള്‍ വരെ ഇവിടെ നിന്ന് ഒഴിവാക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിസ്സംഗത:
ഹരിയാനയിലെ 25 ലക്ഷം കള്ളവോട്ടുകള്‍ രാഹുല്‍ ഗാന്ധി വെളിച്ചത്ത് കൊണ്ടുവരികയും ബിഹാറിലും വോട്ട് ചോരി നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിസ്സംഗത പാലിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സംശയാസ്പദമായ ഈ നിശബ്ദത ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
2. 'പതിനായിരം രൂപ' തന്ത്രവും ഭയത്തിന്‍റെ മനഃശാസ്ത്രവും
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിച്ചത് സാമ്പത്തികപരമായ സര്‍ക്കാര്‍ ഗ്രാന്‍റ് മാത്രമല്ല, അതിനോട് കൂട്ടിക്കെട്ടിയ മനഃശാസ്ത്രപരമായ ഒരു ഫിയര്‍മോംഗറിങ് തന്ത്രം കൂടിയാണ്.
പണം വിതരണം:
തെരഞ്ഞെടുപ്പ് സമയത്തിനോട് ചേര്‍ന്ന്, ബിജെപി-ജെഡിയു സഖ്യ സര്‍ക്കാര്‍ 'മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന' പ്രകാരം സംസ്ഥാനത്തെ 1.21 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം നേരിട്ട് നിക്ഷേപിച്ചു.
പണത്തിന്‍റെ പ്രാധാന്യം:
പ്രതിമാസ ശരാശരി വരുമാനം കേവലം 5,570 രൂപ മാത്രമുള്ള ബിഹാര്‍ പോലുള്ള ഒരു സംസ്ഥാനത്ത്, 10,000 രൂപ എന്നത് ഏകദേശം രണ്ടുമാസത്തെ വരുമാനമാണ്. ഈ തുക തമിഴ്നാട്ടിലെ വരുമാനമായി താരതമ്യം ചെയ്താല്‍ ഏകദേശം 36,000 രൂപയ്ക്ക് തുല്യമാണ്.
ഭയത്തിന്‍റെ തന്ത്രം:
ഈ പണം നല്‍കിയതിനേക്കാള്‍ വലിയ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയത് ഗ്രാമീണ മേഖലകളില്‍ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പടര്‍ത്തിയ 'ഗോസിപ്പ്' ആയിരുന്നു. 'ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ലഭിച്ച ഈ 10,000 രൂപ പലിശ സഹിതം തിരിച്ചടയ്ക്കേണ്ടി വരും' എന്നായിരുന്നു പ്രചാരണം.
ഫലം: ഇതൊരു വായ്പയല്ല, മറിച്ച് ഗ്രാന്‍റാണ് എന്ന വസ്തുത ഈ ഭയത്തിന്‍റെ പ്രചാരണത്തില്‍ മുങ്ങിപ്പോയി. തേജസ്വി യാദവ് 30,000 രൂപ വാഗ്ദാനം ചെയ്തിട്ടും, സ്ത്രീ വോട്ടര്‍മാര്‍ക്ക് ഇതിനകം ലഭിച്ച 10,000 രൂപയില്‍ വിശ്വാസം തോന്നിയത് ഈ ഭയം മൂലമാണ്.
ക്ഷേമപദ്ധതികള്‍, ക്യാഷ് ട്രാന്‍സ്ഫറുകള്‍ എന്നിവ സ്റ്റേറ്റിന്‍റെ ഉദാരതയായി വാഴ്ത്തപ്പെടുകയും, അത് തെരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുകയും ചെയ്യുന്ന 'രക്ഷാകര്‍തൃത്വ രാഷ്ട്രീയം(Patronage Politics)ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെടുന്നതിന്‍റെ ഉദാഹരണമാണ് ഇത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇതിനെ വോട്ടു പിടിക്കാനുള്ള സംവിധാനമായി ഉപയോഗിക്കുന്നത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ആദ്യം ജനങ്ങളുടെ നട്ടെല്ലൊടിക്കുക, പിന്നെ അവരെ നക്കാപ്പിച്ച കൊടുത്ത് അടിമകളാക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്.
3. ജനാധിപത്യപരമായ ചോദ്യങ്ങള്‍
ബിഹാറില്‍ കണ്ട ഈ വിജയം കേവലം സോഷ്യല്‍ എഞ്ചിനീയറിങ് മാത്രമല്ല, ജനാധിപത്യ സ്ഥാപനങ്ങളിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതരമായ സംശയങ്ങള്‍ക്കും വഴി തുറക്കുന്നു:
സിസിടിവി ദൃശ്യങ്ങളുടെ അഭാവം: വിവിധ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം ഒത്തുകളി മൂലമെന്ന് സംശയിക്കപ്പെടുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള തെളിയിക്കാന്‍ കഴിയാതെ പോയത് അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതുകൊണ്ടായിരുന്നുവെന്നും, അത് ലഭ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹി കോടതി മുന്‍പാകെ അറിയിച്ചിരുന്നുവെന്നതും കൂട്ടിവായിക്കണം.
വ്യാജ വോട്ടുകള്‍:
ഒരേ വോട്ടര്‍മാരെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യിക്കുന്ന തന്ത്രം ബിജെപി ബിഹാറിലും പയറ്റി. എതിരായി വോട്ട് ചെയ്യുന്നവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വ്യാജ വോട്ടുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികള്‍ മാസങ്ങള്‍ നീണ്ട തയാറെടുപ്പുകളുമായി 'വോട്ട് ചോരി' വിരുദ്ധ പ്രക്ഷോഭങ്ങളുമായി ശക്തമായ പ്രചാരണം കാഴ്ചവെച്ചിട്ടും, ഇത്രയും ഭീകരമായി തോറ്റുപോയെങ്കില്‍, ജനാധിപത്യത്തിന്‍റെ സാധ്യതകള്‍ ഇത്രയേ ഉള്ളൂ എന്ന് വിലയിരുത്തേണ്ടി വരും. എസ്ഐആര്‍ പോലുള്ള തന്ത്രങ്ങളിലൂടെ വോട്ട് ഫില്‍ട്ടറിങ് നടപ്പാക്കി, ഒപ്പം ഭയത്തിന്‍റെ മനഃശാസ്ത്രം ഉപയോഗിച്ച് സാമ്പത്തിക സഹായത്തെ വോട്ടാക്കി മാറ്റിയ എന്‍ഡിഎയുടെ അതിവിദഗ്ദ്ധമായ ഇലക്ഷന്‍ എഞ്ചിനീയറിങ്ങിന്‍റെ ഉദാഹരണമായി വേണം ബിഹാര്‍ വിജയത്തെ മനസിലാക്കാന്‍.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സ്വതന്ത്ര സ്ഥാപനം ഭരണകൂട താത്പര്യങ്ങള്‍ക്ക് വഴങ്ങുകയും, സാമ്പത്തിക സഹായത്തെ ഭയത്തിന്‍റെ ഉപകരണമാക്കി മാറ്റുകയും ചെയ്യുമ്പോള്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അടിത്തറയെയാണ് തകര്‍ക്കുന്നത്. ബിഹാര്‍ നല്‍കുന്ന പാഠം വ്യക്തമാണ്: ഇനി ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നത് ഉത്പാദനപരമായ വളര്‍ച്ചയോ, വിദ്യാഭ്യാസമോ, ജോലിയോ അല്ല; മറിച്ച്, ഭരണകൂടം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന 'ക്യാഷ് ട്രാന്‍സ്ഫറുകളും' സ്ഥാപിത സംവിധാനങ്ങളുടെ ഒത്തുകളിയുമാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പൊടിതട്ടിയെടുക്കുന്ന ജനക്ഷേമമെന്ന കാപട്യത്തെ ഇന്ത്യന്‍ സ്വയം ജനത തിരിച്ചറിയുകയും അവരെ അകറ്റിനിര്‍ത്താനും ശ്രമിക്കണം. നക്കാ പിച്ച ഔദാര്യമല്ല, അവകാശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതും ചോദിച്ച് വാങ്ങേണ്ടതും. ഭരണം നേടാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താന്‍ മതിയെന്ന് ചിന്ത ബിജെപിയ്ക്കും അവരുടെ സഖ്യപാര്‍ട്ടികള്‍ക്കും തോന്നിപ്പിക്കുന്നത് നമ്മുടെ ദൗര്‍ബല്യമാണ്. നമ്മളെ ചൂക്ഷണം ചെയ്യാന്‍ നാം തന്നെ നിന്നുകൊടുക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഇത് ജനാധിപത്യ ഇന്ത്യയാണ്, ഇവിടെ ജനങ്ങളായ നമ്മളാണ് സര്‍വ്വാധികാരികള്‍, നാം ആരുടേയും അടിമകളല്ല, നമുക്ക് വിലയിടാന്‍ ആരെയും അനുവദിക്കില്ലെന്ന് തെളിയിക്കാനായാല്‍ വളഞ്ഞ വഴിയിലൂടെ ജനവിധി അട്ടിമറിക്കാന്‍ തുനിയുന്നവര്‍ക്ക് അതൊരു താക്കീതാകും, ഇത്തരം തെറ്റുകള്‍ക്ക് തുടര്‍ന്നും മുതിരാതിരിക്കാനുള്ള ശക്തമായ താക്കീത്.
"തുടക്കം മുതല്‍ തന്നെ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡ്യാ സഖ്യവും ഈ ഫലത്തെ ആഴത്തില്‍ അവലോകനം ചെയ്യുകയും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയും ചെയ്യും" എന്ന് രാഹുൽ ഗാന്ധിയും, "ഈ പോരാട്ടം നീണ്ടതാണ് - പൂർണ സമർപ്പണത്തോടെയും ധൈര്യത്തോടെയും സത്യത്തോടെയും ഞങ്ങൾ അതിനെതിരെ പോരാടും'' എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രഖ്യാപിക്കുമ്പോൾ ഒരു ശരാശരി ജനാധിപത്യ വിശ്വാസിക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം അവ സമ്മാനിക്കുന്നുണ്ട്.