നിര്‍ണായകമായത് കെ.സി. വേണുഗോപാല്‍- തേജസ്വി യാദവ് ചര്‍ച്ച; ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് കനത്ത വെല്ലുവിളി

മഹാഗഡ്ബന്ധന്‍ സഖ്യത്തിനുള്ളില്‍ സീറ്റു വിഭജനത്തിലുള്ള തര്‍ക്കങ്ങള്‍ സഖ്യത്തിന്‍റെ ഐക്യത്തെ തന്നെ അപകടത്തിലാക്കിയെങ്കിലും കെസി നിര്‍ണായക ചര്‍ച്ചകളിലൂടെ പരിഹരിച്ചു
k.c. venugopal tejashwi yadav bihar elections

കെ.സി. വേണുഗോപാല്‍, തേജസ്വി യാദവ്

Updated on

ന്യൂഡൽഹി: വെറും വിളിയല്ല, ഒരു ഒന്നൊന്നര വിളി...ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തര്‍ക്കം പരിഹരിക്കാന്‍ തേജസ്വി യാദവുമായി കെ.സി. വേണുഗോപാല്‍ നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. ഈ സംഭാഷണമാണ് സീറ്റ് ചര്‍ച്ചയില്‍ നിര്‍ണായകമായത്. മഹാഗഡ്ബന്ധന്‍ സഖ്യത്തിനുള്ളില്‍ സീറ്റു വിഭജനത്തിലുള്ള തര്‍ക്കങ്ങള്‍ സഖ്യത്തിന്‍റെ ഐക്യത്തെ തന്നെ അപകടത്തിലാക്കിയെങ്കിലും കെസി നിര്‍ണായക ചര്‍ച്ചകളിലൂടെ പരിഹരിച്ചു.

രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ്, ലെഫ്റ്റ് പാര്‍ട്ടികള്‍, വിഐപി തുടങ്ങിയവയടങ്ങുന്ന ഈ സഖ്യത്തില്‍ 12 സീറ്റുകളിലുള്ള വിവാദങ്ങളാണ് പരിഹരിക്കപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ നിരന്തരമായ ചര്‍ച്ചകളും ഒത്തുതീര്‍പ്പ് ശ്രമങ്ങളും, പ്രത്യേകിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ നിര്‍ണായക ഇടപെടലുകളും സഖ്യത്തിന്‍റെ ഐക്യം ഊട്ടിഉറപ്പിച്ചു.

അശോക് ഗെഹ്ലോട്ടിനെ രംഗത്തിറക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്, തേജസ്വി യാദവിന്‍റെ നിലപാടുകളെ മറികടക്കാന്‍ പല റൗണ്ടുകളിലായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലൂടെ സഖ്യത്തിന്‍റെ ഐക്യം പുനഃസ്ഥാപിക്കപ്പെട്ടത് ബിഹാറിലെ രാഷ്ട്രീയത്തിന് ഒരു പ്രതീക്ഷയുടെ സൂചന നല്‍കുന്നു. ആര്‍ജെഡി 143 സീറ്റുകള്‍, കോണ്‍ഗ്രസ് 61 സീറ്റുകള്‍ പ്രഖ്യാപിച്ച ഒക്റ്റോബര്‍ 20-ന് പോലും സഖ്യത്തിന്‍റെ പൊതു മാനിഫെസ്റ്റോയില്‍ ധാരണയിലെത്തിയില്ല. തേജസ്വി യാദവും ആര്‍ജെഡിയും സീറ്റുകളില്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകളിലെ "നയതന്ത്രജ്ഞൻ ' കെ.സി. വേണുഗോപാല്‍ രംഗത്തിറങ്ങിയത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തര്‍ക്കം പരിഹരിക്കാന്‍ നിരന്തരമായി ഫോണ്‍ സംഭാഷണങ്ങള്‍ നടത്തി. കെ.സി. വേണുഗോപാല്‍ തേജസ്വി യാദവിനെ പലതവണ ഫോണില്‍ വിളിച്ചു. ഈ സംഭാഷണമാണ് സീറ്റ് ചര്‍ച്ചയില്‍ നിര്‍ണായകമായത്. വേണുഗോപാലിന്‍റെ നിര്‍ദേശ പ്രകാരമാണ് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറ്റ്നയിലെത്തിയത്. തേജസ്വി യാദവിനെയും ലാലു പ്രസാദ് യാദവിനെയും സന്ദര്‍ശിച്ച ഗെഹ്ലോട്ട്, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തി. രാത്രി വൈകും വരെ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടു.

ചര്‍ച്ചകളുടെ ഫലമായി പല സീറ്റുകളിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടായി. ലാല്‍ഗഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു, പ്രണ്പൂര്‍ ഉള്‍പ്പെടെയുള്ള മറ്റു സീറ്റുകളില്‍ ഏക സ്ഥാനാര്‍ഥി മത്സരിക്കാന്‍ ധാരണയായി. ഗൗറ ബൗറാം പോലുള്ള സീറ്റുകളില്‍ ആര്‍ജെഡിയും സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം പറ്റ്നയില്‍ നടന്ന യോഗത്തില്‍ സഖ്യകക്ഷി നേതാക്കള്‍ ഐക്യം പ്രഖ്യാപിച്ചു. പൊതു മാനിഫെസ്റ്റോയിലും ധാരണയായി, രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഒരുമിച്ച് പ്രചാരണം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

കെ.സി. വേണുഗോപാലിന്‍റെ പങ്കാണ് ഒത്തുതീര്‍പ്പിന്‍റെ ഗെയിം ചേഞ്ചറായി മാറിയത്. ഒക്റ്റോബര്‍ 21-നുള്ള ആദ്യ സംഭാഷണത്തോടെ തന്നെ തേജസ്വി യാദവിനെ തന്നിലേക്കടുപ്പിച്ച വേണുഗോപാല്‍, പിന്നീട് നിരന്തരമായ ഫോണ്‍ കോളുകളിലൂടെയും ചര്‍ച്ചകളിലൂടെയും സഖ്യത്തിന്‍റെ ഐക്യം ഉറപ്പാക്കി. 'എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും, സഖ്യം ബിജെപി-ജെഡിയു സഖ്യത്തിനെതിരേ ശക്തമായി പോരാടും' എന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞത് വേണുഗോപാലിന്‍റെ ഇടപെടലിന്‍റെ പശ്ചാത്തലത്തിലാണ്. കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള ഒത്തുതീര്‍പ്പ്, സഖ്യ രാഷ്ട്രീയത്തിന്‍റെ മാതൃകയാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടിവരയിടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com