യുദ്ധത്തിനിടയിലും എണ്ണ ഉറപ്പാക്കി ഇന്ത്യ

ഇറാൻ വിദേശകാര്യ മന്ത്രിയുമായി മൂന്നു തവണ സംസാരിച്ചതായി എസ്.ജയശങ്കർ
S. Jaishankar says he spoke to Iranian Foreign Minister three times

ഇറാൻ വിദേശകാര്യ മന്ത്രിയുമായി മൂന്നു തവണ സംസാരിച്ചതായി എസ്.ജയശങ്കർ

file photo

Updated on

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ കഴിഞ്ഞതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ആദ്യ എണ്ണ ടാങ്കർ ഇന്ത്യയിലേയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി മൂന്നു തവണ താൻ നേരിട്ടു സംസാരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

നിലവിലെ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്‍റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു നടത്തിയ നയതന്ത്ര നീക്കങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുകയും വിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന സമയത്ത് ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകിയതെന്ന് ജയശങ്കർ പറഞ്ഞു.

ഇറാനുമായുള്ള ദീർഘകാല ബന്ധവും നയതന്ത്ര ചർച്ചകളുമാണ് ഈ ഘട്ടത്തിൽ തുണയായത്. ചരക്ക് നീക്കം സുഗമമാക്കുന്നതിനും ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാൻ ഭരണകൂടം സഹകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് ഇന്ത്യൻ വിദേശനയം കൂടുതൽ കരുത്തുറ്റതാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു. സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com