പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

മതേതരത്വ മൂല്യങ്ങൾക്ക് എതിരാണു നിയമ ഭേദഗതിയെന്നാണു ഹർജിയിലെ വാദം.
Supreme Court
Supreme Court

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. മതേതരത്വ മൂല്യങ്ങൾക്ക് എതിരാണു നിയമ ഭേദഗതിയെന്നാണു ഹർജിയിലെ വാദം. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന സിഎഎ വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കേരളം വാദിക്കുന്നു. കഴിഞ്ഞ 11നാണ് സിഎഎയ്ക്ക് ചട്ടങ്ങൾ രൂപീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. ഇതിനെതിരേ കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾ രംഗത്തെത്തിയിരുന്നു. നിയമം നടപ്പാക്കില്ലെന്നു മൂന്നു സംസ്ഥാനങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

നാലു വർഷം മുൻപ് സിഎഎ പാർലമെന്‍റ് പാസാക്കിയതിനു പിന്നാലെ കേരളം നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിഎഎ വിവേചനപരമെന്നും ശ്രീലങ്ക, മ്യാൻമർ, ഭൂട്ടാൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ പരിഗണിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും അന്നത്തെ ഹർജിയിൽ പറയുന്നു.

ഇതിനിടെ ചട്ടം വിജ്ഞാപനം ചെയ്തതോടെയാണ് സ്റ്റേ ആവശ്യപ്പെട്ട് പുതിയ ഹർജി നൽകിയത്. മുസ്‌ലിം ലീഗും നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. സിഎഎയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ നിയമം നടപ്പാക്കാനാവില്ലെന്നും സ്റ്റേ വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. നാളെ സുപ്രീം കോടതി ഹർജികൾ പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com