ഖാലിസ്ഥാൻ - പാക്കിസ്ഥാൻ - ഗൂണ്ടാ ബന്ധം: 6 സംസ്ഥാനങ്ങളിൽ റെയ്ഡ്

നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു
ഖാലിസ്ഥാൻ - പാക്കിസ്ഥാൻ - ഗൂണ്ടാ ബന്ധം: 6 സംസ്ഥാനങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: ഖാലിസ്ഥാനി വിഘടനവാദ സംഘടനകൾക്ക് ഗൂണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്‍റെ പശ്ചാത്തലത്തിൽ എൻഐഎ ആറു സംസ്ഥാനങ്ങളിലായി 51 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.

പാക്കിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുള്ള ലോറൻസ് ബിഷ്ണോയ്, അർഷ്‌ദീപ് ദല്ല എന്നിവരുടെ ഗൂണ്ടാ സംഘങ്ങൾ ഖാലിസ്ഥാനകളുമായി ചേർന്ന് പഞ്ചാബിലെ ഹിന്ദു നേതാക്കളെ ആക്രമിക്കാൻ പദ്ധതി തയാറാക്കിയെന്നാണ് സംശയം.

വ്യാഴാഴ്ച രാവിലെ മുതൽ എൻഐഎ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തെന്നാണ് വിവരം.

ദല്ലയെയും ഗൗരവ് പട്യാലിനെയും പോലുള്ള ക്രിമിനലുകൾ വിദേശ രാജ്യങ്ങളിലിരുന്നാണ് ഖാലിസ്ഥാനി നേതാക്കൾക്ക് ഫണ്ടിങ്ങും ആയുധങ്ങളും എത്തിച്ചുകൊടുക്കുന്നതെന്നാണ് എൻഐഎ പറയുന്നത്.

ഇതു കൂടാതെ ഓർഡർ അനുസരിച്ച് കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോയി പണം പിടുങ്ങലുമെല്ലാം ഇവരുടെ ആസൂത്രിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും സൂചന. ദുബായ് ആസ്ഥാനമാക്കിയാണ് ഈ ക്രിമിനൽ സംഘങ്ങളിൽ പലതും പ്രവർത്തിക്കുന്നത്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പരിശോധന നടത്തിയ 51 സ്ഥലങ്ങളിൽ മുപ്പതും പഞ്ചാബിലാണ്.

ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഖ്ബീർ സിങ് എന്ന ലണ്ഡ, പാക്കിസ്ഥാനിലുള്ള ഹർവീന്ദർ സിങ് റിൻഡ, യുഎസിലുള്ള ഗുർപത്‌വന്ത് സിങ് പന്നു എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com