കെജ്‌രിവാളിനെ വെട്ടിലാക്കി ഖാലിസ്ഥാൻ നേതാവിന്‍റെ വെളിപ്പെടുത്തൽ

134 കോടി രൂപ ആം ആദ്മി പാർട്ടിക്കു കൊടുത്തിട്ടുണ്ടെന്ന് നിരോധിത സംഘടനാ നേതാവ് ഗുർപത്വന്ത് പന്നൂൻ
ഗുർപത്വന്ത് സിങ് പന്നൂൻ, അരവിന്ദ് കെജ്രിവാൾ.
ഗുർപത്വന്ത് സിങ് പന്നൂൻ, അരവിന്ദ് കെജ്രിവാൾ.
Updated on

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാർട്ടിയെയും (എഎപി) വെട്ടിലാക്കി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂനിന്‍റെ വെളിപ്പെടുത്തൽ. 2014 മുതൽ 2022 വരെയുള്ള കാലത്ത് എഎപിക്ക് തങ്ങൾ 133.54 കോടി രൂപ നൽകിയിട്ടുണ്ടെന്ന് നിരോധിത സിഖ് ഭീകര സംഘടന സിഖ്സ് ഫൊർ ജസ്റ്റിസിന്‍റെ (എസ്എഫ്ജെ) നേതാവ് കൂടിയായ പന്നൂൻ വെളിപ്പെടുത്തുന്ന വിഡിയൊ ദൃശ്യം പുറത്തുവന്നു. എഎപി ഇതിനോടു പ്രതികരിച്ചിട്ടില്ല.

1993 ഡൽഹി സ്ഫോടനക്കേസ് പ്രതി ദേവീന്ദർ പാൽ സിങ് ഭുല്ലറിനെ മോചിപ്പിക്കാമെന്ന വാഗ്ദാനത്തിനു പകരമായാണു പണം നൽകിയതെന്നു പന്നൂൻ പറയുന്നു. 1993ൽ ഒമ്പതു പേരുടെ മരണത്തിനും 31 പേർക്കു പരുക്കേൽക്കാനുമിടയായ സ്ഫോടനവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഭുല്ലർ ജയിലിലാണ്.

ഇന്ത്യയിൽ നിരവധി കേസുകൾ നേരിടുന്ന പന്നൂൻ ഇപ്പോൾ യുഎസിലാണ്. ഇയാളെ കൊലപ്പെടുത്താൻ ഇന്ത്യ പദ്ധതി തയാറാക്കിയെന്ന യുഎസ് ആരോപണം നിലനിൽക്കെയാണ് കെജ്‌രിവാളിനെതിരേ പന്നൂനിന്‍റെ വിഡിയൊ ദൃശ്യം. 2014ൽ ന്യൂയോർക്കിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാരയിൽ ഖാലിസ്ഥാൻ അനുകൂലികളായ സിഖുകാരുടെ യോഗത്തിലാണ് ഭുല്ലറെ മോചിപ്പിക്കുമെന്ന് കെജ്‌രിവാൾ വാക്കുകൊടുത്തതെന്നും പന്നൂൻ.

ഖാലിസ്ഥാൻ വിഘടനവാദികളിൽ നിന്ന് ഫണ്ട് വാങ്ങിയതിന് എഎപി വിവാദത്തിൽപ്പെടുന്നത് ഇതാദ്യമല്ല. യുഎസിലും ക്യാനഡയിലുമുള്ള ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് 60 ലക്ഷം ഡോളർ വാങ്ങിയതായി പന്നൂൻ കഴിഞ്ഞ ജനുവരിയിൽ വെളിപ്പെടുത്തിയിരുന്നു. എസ്എഫ്ജെ അനുകൂലികളെ മോചിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും ഇയാൾ ഭീഷണി മുഴക്കി. രാജ്പുര സ്വദേശികളായ ജഗദീഷ് സിങ്, മൻജീത് സിങ്, ദേവീന്ദർ സിങ് എന്നിവരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു പന്നൂൻ രംഗത്തെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com