ഖാലിസ്ഥാനി ഭീകരൻ പരംജിത് സിങ് പഞ്ച്വാറിനെ അജ്ഞാതർ വെടിവച്ചു കൊന്നു

പഞ്ച്വാറിന്‍റെ സഹായിയും വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു
ഖാലിസ്ഥാനി ഭീകരൻ  പരംജിത് സിങ് പഞ്ച്വാറിനെ അജ്ഞാതർ വെടിവച്ചു കൊന്നു

ലാഹോർ: ഖാലിസ്ഥാനി ഭീകരൻ പരംജിത് സിങ് പഞ്ച്വാറിനെ അജ്ഞാതർ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വച്ചാണ് സംഭവം. 63 കാരനായ പഞ്ച്വാറിനെ തലയിൽ വെടിയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പഞ്ച്വാറിന്‍റെ സഹായിയും വെടിവെയ്പ്പിൽ പരുക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ടു.

ശനിയാഴ്ച രാവിലെ 6 മണിക്ക് ലാഹോറിലെ തന്‍റെ താമസസ്ഥലത്തിനടുത്തുള്ള പാർക്കിലൂടെ സഹായിക്കൊപ്പം നടക്കുന്നതിനിടെയാണ് അജ്ഞാതരായ രണ്ടു പേർ അടുത്തേക്ക് വന്ന് അപ്രതീക്ഷിതമായി വെടിയുതിർത്തതിനു ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പാക്കിസ്ഥാൻ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.‌ ഇതിനു മുൻപ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബഷീർ അഹമ്മദ് കഴിഞ്ഞ ഫെബ്രുവരിയിൽ റാവൽപ്പിണ്ടിയിൽ വച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടിരുന്നു. പാക് ഭീകര സംഘടനയായ അൽ ബദ്ർ ഭീകരൻ സൈദ് ഖാലിദ് റാസയും ഫെബ്രുവരിയിൽ ഇതേ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരൻ ഐജാസ് അഹമ്മദ് അഫ്ഗാനിൽ വച്ച് കൊല്ലപ്പെട്ടതും ഇതേ രീതിയിലാണ്.

1986 ൽ കെസിഎഫിൽ ചേർന്ന പഞ്ച്വാർ 1995-96 കാലഘട്ടത്തിലാണ് സംഘടനയുടെ നേതാവായി പാക്കിസ്ഥാനിലേക്കു കടന്നത്. പഞ്ചാബിൽ നിരവധി കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും പിന്നിൽ പഞ്ച്വാറിന്‍റെ കരങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി പഞ്ച്വാർ ലാഹോറിൽ നിന്ന് സംഘടനയെ നിയന്ത്രിച്ചു വരുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com