കുഴൽക്കിണറിൽ വീണ ഒമ്പതുകാരന് 'പുനർജന്മം'
ജയ്പുർ: രാജസ്ഥാനിൽ ജയ്പുരിനു സമീപം ഭോജ്പുരയിൽ കുഴൽക്കിണറിൽ വീണ ഒമ്പതു വയസുകാരനെ ഏഴു മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപെടുത്തി. കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അക്ഷിത് (ലക്കി) എന്ന കുട്ടിക്കാണു പുനർജന്മം. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയുമുൾപ്പെട്ട സംഘം പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണു അക്ഷിത് 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. 70 അടി താഴ്ചയിൽ തങ്ങിയിരിക്കുന്ന നിലയിലായിരുന്നു കുട്ടി. കളിസ്ഥലത്തിനു സമീപത്തെ കുഴൽക്കിണർ കല്ലുകൊണ്ട് മൂടിവച്ചിരുന്നു. കുട്ടികൾ ഇതെടുത്തു മാറ്റിയതാകാം അപകടത്തിനിടയാക്കിയതെന്നു കരുതുന്നു.
രക്ഷാപ്രവർത്തനം നടക്കുന്ന സമയം കുഴൽക്കിണറിലേക്ക് ഓക്സിജൻ എത്തിച്ചു. കുട്ടി മാതാപിതാക്കളോട് സംസാരിച്ചെന്നും ബിസ്കറ്റും വെള്ളവും എത്തിച്ചു നൽകിയെന്നും അധികൃതർ. ആശുപത്രിയിൽ ചികിത്സയിലുള്ള അക്ഷിതിന്റെ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.