ചന്ദ്രബാബു നായിഡു കിങ് മേക്കറുടെ തിരിച്ചുവരവ്

രാമറാവുവിന്‍റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പാർട്ടിയിലും സർക്കാരിലും ഉണ്ടാക്കിയെടുത്ത സ്വാധീനത്തിനെതിരായ കലാപത്തിന്‍റെ ഫലമായിരുന്നു അന്നത്തെ സ്ഥാനാരോഹണം
ചന്ദ്രബാബു നായിഡു കിങ് മേക്കറുടെ തിരിച്ചുവരവ്

#വി.കെ. സഞ്ജു

എൻ.ടി. രാമറാവു എന്ന തെലുങ്ക് സിനിമ-രാഷ്‌ട്രീയ ആചാര്യനെ അട്ടിമറിച്ച് ആന്ധ്ര പ്രദേശിന്‍റെ മുഖ്യമന്ത്രിയാകുന്നതോടെയാണ് എൻ. ചന്ദ്രബാബു നായിഡു എന്ന യുവ നേതാവ് ദേശീയ രാഷ്‌ട്രീയ മണ്ഡലത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്നു നായിഡുവിന് സ്വന്തം പാർട്ടിയുടെ നേതാവ് മാത്രമായിരുന്നില്ല രാമറാവു, ഭാര്യയുടെ അച്ഛൻ കൂടിയാണ്. രാമറാവുവിന്‍റെ രണ്ടാം ഭാര്യ ലക്ഷ്മി പാർവതി പാർട്ടിയിലും സർക്കാരിലും ഉണ്ടാക്കിയെടുത്ത സ്വാധീനത്തിനെതിരായ കലാപത്തിന്‍റെ ഫലമായിരുന്നു അന്നത്തെ സ്ഥാനാരോഹണം.

ചന്ദ്രബാബു നായിഡു ദേശീയ രാഷ്‌ട്രീയത്തിലും നിർണായക പങ്ക് വഹിക്കുന്നതിനാണ് തൊണ്ണൂറുകൾ സാക്ഷ്യം വഹിച്ചത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ആദ്യ എൻഡിഎ സർക്കാർ അധികാരത്തിലേറുന്നത് നായിഡുവിന്‍റെ കൂടി പിന്തുണയോടെയായിരുന്നു. ഇപ്പോഴിതാ, കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയും, അഴിമതി കേസിലെ അറസ്റ്റുമെല്ലാം മറികടന്ന്, കേന്ദ്രത്തിൽ ആര് സർക്കാർ രൂപീകരിക്കുമെന്നു നിർണയിക്കാൻ മാത്രം കരുത്തോടെ നായിഡു തിരിച്ചുവന്നിരിക്കുന്നു.

ആദ്യത്തെ കാലുമാറ്റം

യഥാർഥത്തിൽ, കോൺഗ്രസിലൂടെ ആരംഭിച്ച രാഷ്‌ട്രീയ ജീവിതമാണ് ചന്ദ്രബാബു നായിഡുവിന്‍റേത്. 1978ൽ കോൺഗ്രസ് പ്രതിനിധിയായി നിയമസഭയിൽ. 1980ൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാകുമ്പോൾ പ്രായം വെറും മുപ്പത്. സിനിമ വകുപ്പ് മന്ത്രി എന്ന നിലയിലാണ് എൻടിആറുമായി അടുക്കുന്നത്. 1981ൽ അദ്ദേഹത്തിന്‍റെ മകൾ ഭുവനേശ്വരിയെ നായിഡു വിവാഹം കഴിച്ചു.

എന്നാൽ, 1982ൽ എൻടിആർ തെലുങ്കുദേശം പാർട്ടി രൂപീകരിക്കുമ്പോഴും കോൺഗ്രസിൽ തുടരുകയായിരുന്നു നായിഡു. ടിഡിപിയോടു മത്സരിച്ചു തോൽക്കുകയും ചെയ്തു. ആ വർഷത്തെ തെരഞ്ഞെടുപ്പിൽ ടിഡിപി സംസ്ഥാന ഭരണം പിടിച്ചെടുത്തു, വൈകാതെ നായിഡു ആ പാർട്ടിയിൽ ചേരുകയും ചെയ്തു!

1984ൽ എൻ. ഭാസ്കര റാവു ടിഡിപിയിൽ എൻടിആറിനെതിരേ കലാപക്കൊടി ഉയർത്തിയതോടെയാണ് പാർട്ടിയിൽ നായിഡു തന്‍റെ സ്ഥാനം ഉറപ്പിക്കുന്നത്. 1986ൽ എൻടിആർ മരുമകനെ പാർട്ടി ജനറൽ സെക്രട്ടറിയായി അവരോധിച്ചു. പക്ഷേ, ലക്ഷ്മി പാർവതിയുടെ സാന്നിധ്യം പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപത്തിന്‍റെ കനലുകൾ അണയാതെ കിടന്നു. 1995ൽ ഭാര്യാപിതാവിനെ താഴെയിറക്കി നായിഡു തന്‍റെ നാൽപ്പത്തഞ്ചാം വയസിൽ സംസ്ഥാന മുഖ്യമന്ത്രിയുമായി.

ദേശീയ രാഷ്‌ട്രീയം 1996ൽ പതിമൂന്ന് കോൺഗ്രസ് ഇതര പാർട്ടികൾ ചേർന്ന് രൂപീകരിച്ച യുനൈറ്റഡ് ഫ്രണ്ട് എന്ന വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ കൺവീനറായി നിയമിക്കപ്പെട്ടത് ചന്ദ്രബാബു നായിഡുവാണ്. സഖ്യത്തിന്‍റെ ആസ്ഥാനം പോലും ന്യൂഡൽഹിയിലെ ആന്ധ്ര പ്രദേശ് ഭവൻ ആയിരുന്നു. ഈ സഖ്യം ആദ്യം എച്ച്.ഡി. ദേവഗൗഡയുടെയും പിന്നീട് ഐ.കെ. ഗുജ്റാളിന്‍റെയും നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭകൾ രൂപീകരിച്ചെങ്കിലും ഏറെക്കാലം നിലനിന്നില്ല. 1999ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടി ആന്ധ്ര പ്രദേശിൽ അധികാരം നിലനിർത്തി. സാമ്പത്തിക പരിഷ്കരണങ്ങളുടെയും ഹൈദരാബാദിനെ സൈബരാബാദാക്കിയ ഐടി വികസനത്തിന്‍റെയും കാലഘട്ടമായാണ് നായിഡുവിന്‍റെ രണ്ടാം ടേം വിശേഷിപ്പിക്കപ്പെട്ടത്. അന്ന് സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിൽ 29 സീറ്റും സ്വന്തമാക്കിയതോടെ ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ടിഡിപി മാറി, ഒപ്പം പാർലമെന്‍റിലെ നാലാമത്തെ വലിയ ഒറ്റക്കക്ഷിയും. ദേശീയ രാഷ്‌ട്രീയത്തിൽ നായിഡുവിന്‍റെ കിങ് മേക്കർ പദവി ഊട്ടിയുറപ്പിക്കുന്നത് ഈ കാലഘട്ടമാണ്. വാജ്പേയി അന്ന് കേന്ദ്ര മന്ത്രിസഭയിൽ എട്ട് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ച് സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കാനായിരുന്നു നായിഡുവിന്‍റെയും ടിഡിപിയുടെയും തീരുമാനം. 2003ൽ ഉണ്ടായ വധശ്രമത്തിനു ശേഷമാണ് ആന്ധ്ര രാഷ്‌ട്രീയത്തിൽ നായിഡുവിന്‍റെ ഭാഗധേയം മാറിമറിയുന്നത്. വധശ്രമത്തിനു പിന്നാലെ നായിഡു നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം നടത്തിയ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി തോറ്റു. സൈബർ വികസനത്തിൽ ഊന്നിയ നായിഡുവിന്‍റെ നയങ്ങൾ കാർഷിക മേഖലയെ അവഗണിച്ചതാണ് തോൽവിയുടെ കാരണമായി വിലയിരുത്തപ്പെട്ടത്. പാർലമെന്‍റ് സീറ്റുകൾ അഞ്ചായി ചുരുങ്ങി. 2009ലും സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

മൂന്നാമൂഴം

സംസ്ഥാനത്തെ ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിങ്ങനെ രണ്ടായി വിഭജിച്ച ശേഷം നടത്തിയ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി ആന്ധ്രയിൽ വെന്നിക്കൊടി പാറിച്ചു. അന്ന് ബിജെപിയും ജനസേന പാർട്ടിയുമായിരുന്നു സഖ്യകക്ഷികൾ. നായിഡു മൂന്നാം വട്ടം മുഖ്യമന്ത്രിയായി. 16 എംപിമാരുടെ ബലത്തിൽ കേന്ദ്രമന്ത്രിസഭയിൽ രണ്ട് സ്ഥാനങ്ങളും നേടി. നായിഡുവിന്‍റെ ഈ മൂന്നാം ടേമിലാണ് വ്യവസായത്തിന് ഏറ്റവും യോജിച്ച സംസ്ഥാനമായി ആന്ധ്ര പ്രദേശിനെ ലോക ബാങ്ക് തെരഞ്ഞെടുക്കുന്നത്. കിയ മോട്ടോഴ്സ്, പെപ്സി, ഇസുസു തുടങ്ങിയ ആഗോള വ്യവസായ ഭീമൻമാർ ആന്ധ്രയിൽ നിക്ഷേപം നടത്തുന്നത് ഈ സമയത്താണ്.

എന്നാൽ, 2018ൽ ബിജെപിയുമായി ടിഡിപി തെറ്റിപ്പിരിഞ്ഞു. ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിൽമേലുള്ള അഭിപ്രായവ്യത്യാസമായിരുന്നു കാരണം. സംസ്ഥാന വിഭജന സമയത്ത് കോൺഗ്രസ് സർക്കാർ പാർലമെന്‍റിൽ മുൻപ് നൽകിയ വാഗ്ദാനമായിരുന്നു പ്രത്യേക പദവി.

കോൺഗ്രസ് വിരുദ്ധ പാർട്ടിയായി രൂപീകരിക്കപ്പെടുകയും, പിന്നീട് കോൺഗ്രസ് വിരുദ്ധ മുന്നണിക്ക് നേതൃത്വം നൽകുകയും ചെയ്ത തെലുങ്കുദേശം പാർട്ടി ആദ്യമായി കോൺഗ്രസിന്‍റെ പാളയത്തിലെത്തുന്നത് ഇതിനു ശേഷമാണ്. 2018ൽ ഇരുപാർട്ടികളും ചേർന്ന് സിപിഐയുമായി സഖ്യമുണ്ടാക്കി തെലങ്കാനയിൽ മത്സരിച്ചു തോറ്റു. ദേശീയതലത്തിൽ ബിജെപിവിരുദ്ധ സഖ്യം എന്ന ലക്ഷ്യമാണ് ആ സമയത്ത് നായിഡു ശക്തമായി ഉന്നയിച്ചിരുന്നത്. പക്ഷേ, തൊട്ടടുത്ത വർഷം ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം പരാജയപ്പെട്ടതോടെ നായിഡു വീണ്ടും മുന്നണി മാറി. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയാണ് 2019ൽ ആന്ധ്ര പ്രദേശിൽ അധികാരത്തിലേറിയത്, അതും ആകെയുള്ള 175 സീറ്റിൽ 151 എണ്ണവും നേടിക്കൊണ്ട്.

അറസ്റ്റും ജയിലും

നായിഡു കൂടുതൽ വലിയ തിരിച്ചടികൾ നേരിടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 371 കോടി രൂപയുടെ സർക്കാർ ഫണ്ട് വകമാറ്റിയ കേസിൽ അദ്ദേഹം 2023ൽ അറസ്റ്റിലായി. 52 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്നു. എന്നാൽ, ഇതുകൊണ്ടും തന്‍റെ രാഷ്‌ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കാനാവില്ലെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ഇപ്പോൾ നായിഡുവിന്‍റെ അതിശക്തമായ തിരിച്ചുവരവ്. ആന്ധ്ര നിയമസഭയിലെ 175 സീറ്റിൽ 130 എണ്ണത്തിനു മേൽ ഉറപ്പിച്ചുകഴിഞ്ഞു. നിലവിലുള്ള നിയമസഭയിൽ 23 അംഗങ്ങൾ മാത്രമുള്ള സ്ഥാനത്താ‌ണിത്. ഇതിലും പ്രധാനമായി 25 ലോക്‌സഭാ സീറ്റുകളിൽ 15 എണ്ണവുമാകുമ്പോൾ ദേശീയ രാഷ്‌ട്രീയത്തിൽ തെലുഗുദേശം പാർട്ടി ഒരിക്കൽക്കൂടി ചർച്ചാവിഷയമാകുകയാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ കാറ്റിൽപ്പറത്തി ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരിക്കുകയും, എൻഡിഎയ്ക്ക് മുന്നൂറ് സീറ്റ് തികയ്ക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും കോൺഗ്രസിന്‍റെ തിങ്ക് ടാങ്ക് ചർച്ചകളിലേക്ക് തെലുഗുദേശം പാർട്ടിയുടെയും ചന്ദ്രബാബു നായിഡുവിന്‍റെയും പേരുകൾ തന്നെയാവും ആദ്യം കടന്നുവരുക. കിങ് മേക്കർ എന്നായിരിക്കും നായിഡു ആ പരിഗണനയ്ക്കു നൽകാൻ ഇഷ്ടപ്പെടുന്ന പേര്; മറുകണ്ടം ചാടാനുള്ള മെയ്‌വഴക്കമെന്നു രാഷ്‌ട്രീയ എതിരാളികൾ പരിഹസിക്കുമെങ്കിലും!

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com