

ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്
ബംഗലുരൂ: ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി 48 കാരന് ദാരുണാന്ത്യം. കർണാടക ബിദർ തലമഡ്ഗി ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ബംബുൾഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ പോകുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.
റോഡിന് മുകളിലൂടെ പറക്കുകയായിരുന്ന പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു.
രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ഇയാളെ രക്ഷിക്കാൻ ആരും തയ്യാറായില്ല. വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അപ്പോഴെക്കും സഞ്ജീവ് മരിച്ചിരുന്നു. സംഭവത്തിൽ മന്നെഖല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.